തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് എ സന്പത്ത് എംപിയുടെ കാർ. തെരഞ്ഞെടുപ്പിൽ തോറ്റതോടെ എം.പി സ്ഥാനം നഷ്ടമായെങ്കിലും എം.പി എന്നത് ഉപയോഗിക്കാൻ വേണ്ടി കാറിന് എക്സ്-എംപി എന്ന് എഴുതിയ കാറാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തിന്‍റ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിവരം.

സംഭവത്തില്‍ ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ബന്ധപ്പെട്ടു. ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറഞ്ഞു. ചിത്രം വൈറലായതോടെ സമ്പത്തിനെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളുമടക്കം സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു.

കോണ്‍ഗ്രസ് നേതാക്കളായ വിടി ബല്‍റാം, ഷാഫി പറമ്പില്‍, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കമുള്ളവര്‍ സമ്പത്തിനെ രൂക്ഷഭാഷയില്‍ പരിഹസിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. ചിത്രം വ്യാജമാണെന്ന വാദം ശക്തിയായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റ് പിന്‍വലിച്ചു. 

 പരാജയപ്പട്ടെ കമ്മ്യൂണിസ്റ്റ് നേതാവിൻറെ പാർലമെൻറി വ്യാമോഹം എന്ന രീതിയിൽ വിടി ബൽറാം ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് കാർ വൈറലായത്. പിന്നീട് എക്സ് എംപി ബോർഡ് വ്യാജമാകാമെന്ന് ബോധ്യപ്പെട്ടതിനാൽ പോസ്റ്റ് പിൻവലിക്കുന്നുവെന്ന് വിടി ബൽറാമും ഷാഫി പറമ്പിലും അറിയിച്ചു. മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും വ്യാപകമായി കണ്ടതിനെ തുടർന്നാണ് വാർത്ത താൻ ഷെയർ ചെയ്തതെന്നും ബൽറാം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾക്കെതിരെ ക്യാംപെയ്ൻ വേണമെന്നാവശ്യപ്പെട്ട് കെ എസ് ശബരീനാഥൻ രംഗത്തെത്തി രാഷ്ട്രീയക്കാർ വ്യാജപ്രചാരണങ്ങൾക്ക് ഇരയാകുന്ന സാഹചര്യം ദുഖകരമാണെന്നും ശബരീനാഥ് പറഞ്ഞു. വ്യാജപോസ്റ്റിനെതിരെ പരാതി നൽകുമോയെന്ന് എ സന്പത്ത് ഇതുവരെ വ്യക്തമാക്കിയില്ല. 

എന്നാൽ സന്പത്ത് കൃത്യമായ വിശദീകരണം നൽകാതെ പോസ്റ്റ് പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് പികെ ഫിറോസ് ഉൾപ്പെടെയുളള ഒരു വിഭാഗം. ചിത്രം വ്യാജമാകാം എന്നാണ് സമ്പത്ത് പറയുന്നത്, തന്‍റെ കാറില്‍ അത്തരമൊരു ബോര്‍ഡ് ഇല്ല എന്ന് തറപ്പിച്ച് പറയാന്‍ സമ്പത്ത് തയ്യാറാവാത്തത് എന്താണെന്നാണ് ചോദ്യമുയരുന്നത്. തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ നിന്നുള്ള കാറിന്‍റെ ദൃശ്യമാണ് ചിത്രത്തിലുള്ളത്. അങ്ങനെയെങ്കില്‍ വിമാനത്താവളത്തിന് മുന്നിലെ സിസിടി ദൃശ്യം പരിശോധിച്ച് സത്യാവസ്ഥ അറിയാനാകുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ചിത്രം വ്യാജമാണെന്ന് സ്ഥാപിക്കപ്പെടുന്ന ചിത്രങ്ങളും പുറത്ത് വന്നതോടെ സമ്പത്തിന് പ്രതിരോധം തീര്‍ത്ത് ഇടത് അണികളും ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്. എങ്കിലും സമ്പത്ത് ഉറച്ച നിലപാട് എടുക്കാത്തത് അണികളിലും ആശയക്കുഴമുണ്ടാക്കുന്നുണ്ട്.