Asianet News MalayalamAsianet News Malayalam

തൃത്താലയിലെ പാ‍ർക്കിൽ വിനോദ സഞ്ചാരികളുടെ ഇടയിലേക്ക് പട്ടി കയറി, ഓടിക്കാൻ നോക്കിയ സുരക്ഷാ ജീവനക്കാരന് കടിയേറ്റു

വിനോദ സഞ്ചരികൾ ഉള്ള സമയത്താണ് പട്ടി പാർക്കിനുള്ളിലേക്ക് കയറിയത്. പാർക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോളാണ് മണികണ്ഠന് പട്ടിയുടെ കടിയേറ്റത്.

A security guard at thrithala Park was bitten by a dog
Author
First Published Sep 6, 2022, 7:59 PM IST

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് പാർക്കിലെ സുരക്ഷാ ജീവനക്കാരന് പട്ടി കടിയേറ്റു. മണികണ്ഠൻ എന്ന ജീവനക്കാരനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വിനോദ സഞ്ചരികൾ ഉള്ള സമയത്താണ് പട്ടി പാർക്കിനുള്ളിലേക്ക് കയറിയത്. പാർക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോളാണ് മണികണ്ഠന് പട്ടിയുടെ കടിയേറ്റത്.

കാറിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റു, ആലുവയില്‍ 2 പേര്‍ ആശുപത്രിയില്‍

നെടുവന്നൂരിൽ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. റോഡിൽ നിൽക്കുന്നതിനിടെയാണ് ഇരുവർക്കും കടിയേറ്റത്. തുടർന്ന് ഓടിപ്പോയ നായക്കായി നാട്ടുകാർ തെരച്ചിൽ തുടങ്ങി. കടിയേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ആലുവ നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. നെടുവന്നൂരിൽ തൈക്കാവിന് സമീപം റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവ് നായ ഫനീഫയെ കടിച്ചത്.

കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സീൻ എടുത്തു. തെരുവുനായ പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ഓടിരക്ഷപ്പെട്ട തെരുവ് നായക്കായി നാട്ടുകാർ തെരച്ചിൽ ഊർജിതമാക്കി.

ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്റസ വിദ്യാർത്ഥിക്കും ഇന്ന് തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്. മദ്റസ വിട്ട് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നായയുടെ കടിയേറ്റ 12 കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു. വാക്സീനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേര്‍ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചിട്ടും ചിലര്‍ മരിച്ചത് ആശങ്കയ്ക്കിടയക്കായിരുന്നു. കടുത്ത വിമര്‍ശത്തിന് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios