Asianet News MalayalamAsianet News Malayalam

Anupama| അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു, ഇന്ന് തന്നെ ഏറ്റെടുത്തേക്കും

കുഞ്ഞുമായി തിരിച്ചെത്തിയശേഷം ഡിഎന്‍എ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല.  ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.

A team of officers left for Andhra Pradesh to pick up anupama s child
Author
Trivandrum, First Published Nov 20, 2021, 7:25 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. അതീവ രഹസ്യമായി  രാവിലെ 6.10 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലർച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. പിന്നാലെ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയുമെത്തി. ഔഗ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു നാലുപേരും എത്തിയത്. തിരിച്ചറിയാതിരിക്കാന്‍ നാലുപേരും വെവ്വേറെയായാണ് ടിക്കറ്റെടുത്ത്. 

മടങ്ങി വരവിനുള്ള ടിക്കറ്റ് ആന്ധ്രാപ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി നോക്കിയായിരിക്കും ബുക്ക് ചെയ്യുക. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തും. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്‍റെയും കു‍ഞ്ഞിന്‍റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. 

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല.  ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.

അതേസമയം അമ്മഅറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. കുഞ്ഞിൻെറ ഡിഎൻഎ പരിശോധന ഉള്‍പ്പെടെ നടത്തിയ റിപ്പോർ‍ട്ട് നൽകാൻ സി ഡബ്ല്യൂ സിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ദത്തെടുത്ത ദമ്പതികളിൽ നിന്നും കുഞ്ഞിനെ തിരികെയത്തിക്കാൻ നടപടി സ്വീകരിച്ചുവെന്ന് ചൈൽഡ് വെൽഫർ കമ്മിറ്റി ഇന്ന് കോടതിയെ അറിയിക്കും. അതേസമയം കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ എങ്ങനെയെത്തി, ദത്തടുക്കൽ നിയമപ്രകാരമായിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സി ഡബ്ല്യൂ സി എന്ത് റിപ്പോർട്ടാകും കോടതിയിൽ നൽകുകയെന്നതാകും നിർണായകമാണ്. കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകിച്ചുവരുന്നുവെന്ന നിലപാടാകും ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കുക. സി ഡബ്യൂ സിയും ശിശുക്ഷേമ സമിതിയും ചേർന്ന് കുഞ്ഞിനെ വ്യാജരേഖകള്‍ ചമച്ച് ദത്തുനൽകിയെന്നാണ് അമ്മ അനുപമയുടെ ആരോപണം. 

കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഒക്ടോബര്‍ 14 ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകള്‍. ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുന്നു.

Follow Us:
Download App:
  • android
  • ios