കാർ മുന്നോട്ട് കുതിക്കുമ്പോൾ പിൻ സീറ്റിൽ സന്ധ്യ വേദനകൊണ്ട് പുളയുന്നു. ഒരുവിധം ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി രാത്രി 11.30 ഓടെ വിതുര ഗവ. ആശുപത്രിയിലെത്തി.

തിരുവനന്തപുരം: സമുദ്ര നിരപ്പിൽ നിന്നും ആയിരത്തിൽപരം മീറ്റർ ഉയരത്തിലുള്ള പൊന്മുടിയിലെത്തിയ വിനോദ സഞ്ചാരിക്ക് രാത്രിയിൽ പ്രസവവേദന. വളഞ്ഞും പുളഞ്ഞുമുള്ള റോഡുകളും 22 ഹെയർപിന്നുകളും താണ്ടിയുള്ള ഉദ്വേഗം നിറഞ്ഞ യാത്രകൾക്കൊടുവിൽ പ്രതിസന്ധികളെയെല്ലാം മറികടന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ യുവതിക്ക് സുഖപ്രസവം. ഭാര്യയുടെ അവസ്ഥ കണ്ട തളർന്ന ഭർത്താവിനെയും കൂട്ടി കെടിഡിസി ജീവനക്കാർ നടത്തിയ സാഹസിക യാത്രയ്ക്കൊടുവിൽ ജനിച്ച കുഞ്ഞിന് അവർ ചക്രവർത്തിയെന്ന് പേരും നൽകി. ഒടുവിൽ പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി മാറിയ ജീവനക്കാരെ കണ്ട് നന്ദിയറിയിച്ചാണ് ദമ്പതികൾ കുഞ്ഞുമായി മടങ്ങുന്നത്.

പൊന്മുടി കാണാനെത്തിയ ഇവർ വെള്ളിയാഴ്ചയാണ് ഗോൾഡൻപീക്ക് ഹോട്ടലിൽ മുറിയെടുത്തത്. തിരുനെൽവേലി സ്വദേശികളും ബെംഗളൂരുവിൽ ഐടി ജീവനക്കാരുമായ വിഘ്നേഷും ഭാര്യ സന്ധ്യയും സ്വന്തം കാറിൽ പ്രകൃതിഭംഗി ആസ്വദിച്ചായിരുന്നു യാത്ര ചെയ്തെത്തിയത്. എന്നാൽ, ഹോട്ടലിൽ എത്തി രാത്രിയോടെ 8 മാസം ഗർഭിണിയായിരുന്ന സന്ധ്യക്ക്‌ പ്രസവവേദനയുണ്ടായതായി വിഘ്നേഷ് ജീവനക്കാരെ വിവരമറിയിച്ചു. രാത്രി പതിനൊന്നിനോടടുത്ത സമയം. അടുത്തെങ്ങും ആശുപത്രിയില്ലെന്നും മണിക്കൂറുകൾ യാത്ര ചെയ്യണമെന്നും അറിഞ്ഞതോടെ കാർ ഓടിക്കാനാവാത്ത തളര്‍ന്ന അവസ്ഥയിലായി വിഘ്നേഷ്. ഇതോടെയാണ് ഹോട്ടലിലെ ജീവനക്കാർ ഇടപെടുന്നത്. ഹോട്ടലിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ ഷൈമണും വിഷ്ണുവും സെക്യൂരിറ്റി പ്രദീപ് കുമാറും ഇവരെയും കയറ്റി കാറിൽ കുന്നിറങ്ങാൻ തീരുമാനിച്ചു.

എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കണം. കാർ മുന്നോട്ട് കുതിക്കുമ്പോൾ പിൻ സീറ്റിൽ സന്ധ്യ വേദനകൊണ്ട് പുളയുന്നു. ഒരുവിധം ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി രാത്രി 11.30 ഓടെ വിതുര ഗവ. ആശുപത്രിയിലെത്തി. ഇവിടെനിന്ന്‌ പ്രാഥമിക ചികിത്സ നൽകി നഴ്‌സിനെയും കൂട്ടി ആംബുലൻസ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കു പാഞ്ഞു. അവിടെവെച്ച് രാത്രി ഒന്നരയോടെ സന്ധ്യ ആൺകുഞ്ഞിനെ പ്രസവിച്ചു. പ്രശ്നം അവിടെയും അവസാനിക്കുന്നില്ല. മാസം തികയാത്ത പ്രസവമായതിനാൽ കുഞ്ഞിന് ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായി. ഇതോടെ ഇവിടെനിന്ന് മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് യാത്ര തുടർന്നു. പുലർച്ചെ 3 മണിയോടെ ഇവിടെയെത്തി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് വരെ ഇതര സംസ്ഥാനക്കാരായ കുടുംബത്തിനൊപ്പം കെടിഡിസി ജീവനക്കാർ കൂട്ടിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില ശനിയാഴ്ച ഉച്ചയോടെ മെച്ചപ്പെട്ടു. അമ്മയ്ക്കൊപ്പം വാർഡിലേക്ക് മാറ്റിയ കുഞ്ഞിന് വിഘ്നേഷാണ് 'ചക്രവർത്തി' എന്നു പേരിട്ടത്. കുഞ്ഞിനു പേരിട്ട വിവരവും ആദ്യം വിഘ്നേഷ് വിളിച്ചറിയിച്ചതും രക്ഷകരായി ഒപ്പംനിന്ന കെടിഡിസി ജീവനക്കാരെയാണ്. കുഞ്ഞിന് രണ്ട് ദിവസം കൂടി ചികിത്സവേണമെന്നതിനാൽ കുടുംബം തലസ്ഥാനത്ത് തുടരുന്നതിനിടെ കുഞ്ഞിനെ കാണാൻ ജീവനക്കാരുമെത്തി. സ്വപ്നതുല്യമായ ഒരു യാത്രയുടെ നടുക്കത്തിൽ താങ്ങായി ഒപ്പമുണ്ടായവർക്ക് നന്ദിയറിച്ചാണ് കുടുംബത്തിന്‍റെ മടക്കയാത്ര.

YouTube video player