സർവ കക്ഷി യോഗം ചേ‍ർന്നാണ് സ്കോള‍ർഷിപ്പ് വിഷയത്തിൽ തീരുമാനമെടുത്തത്. മാറ്റങ്ങൾ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്

ആലപ്പുഴ: ന്യൂനപക്ഷ സ്കോള‍ർഷിപ്പ് വിഷയത്തിൽ മുസ്ലിം ലീ​ഗിനും പികെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കുഞ്ഞാലിക്കുട്ടിക്ക് ആ​ഗ്രഹം പ്രകടിപ്പിക്കാം. അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങൾ നോക്കേണ്ട കാര്യമില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് സമൂഹം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവ കക്ഷി യോഗം ചേ‍ർന്നാണ് സ്കോള‍ർഷിപ്പ് വിഷയത്തിൽ തീരുമാനമെടുത്തത്. മാറ്റങ്ങൾ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ജന വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കേണ്ടത്. സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന രീതിയിൽ ആരും പ്രതികരണം നടത്തിക്കൂട. മുസ്ലിം ലീഗാണ് വ്യത്യസ്ത നിലപാടുകൾ എടുക്കുന്നത്. വിഷയം മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീ​ഗും യുഡിഎഫും അധികാരത്തിലിരുന്നതാണ്. അന്ന് ഈ സംവിധാനം തുട‍ർന്നുപോയി. സമൂഹത്തിന്റെ പൊതുസാഹചര്യത്തിന് വിധേയമായായിരുന്നു അത്. ഇന്ന് സാഹചര്യം മാറി. കോടതി നിലപാടെടുത്തു. അത് പ്രകാരമാണ് സ‍ർക്കാർ നിലപാടെടുക്കുന്നത്. ഇപ്പോൾ അവ‍ർ ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയില്ല. യുഡിഎഫാണ് ഭരണത്തിലെങ്കിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചേനെ. ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന എണ്ണത്തിൽ കുറവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona