തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻതോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇതിന്റെ ഗുണഫലങ്ങൾ ബി ജെ പിയും യുഡിഎഫും പങ്കിടുന്നു. ബിജെപി വോട്ട് കച്ചവടത്തിലൂടെ നില മെച്ചപ്പെടുത്താൻ ശ്രമിച്ചു. മതനിരപേക്ഷത വെല്ലുവിളി നേരിട്ട തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി വിജയം നേടിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

ഫലം വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് പ്രതിപക്ഷ ശ്രമം. അത് ഇതിനേക്കാൾ വലിയ കുഴപ്പത്തിലാണ് യുഡിഎഫിനെ ചാടിക്കുക. കോൺഗ്രസ് അകപ്പെട്ടിട്ടുള്ള ആപത്ത് മനസിലാക്കണം. വടക്കൻ ജില്ലകളിൽ മുസ്ലിം മതമൗലികവാദികളുമായി ആദ്യം സന്ധി ചേർന്ന് പരിക്ക് ഇല്ലാതാക്കാൻ ശ്രമിച്ചു. സ്വന്തം പരിക്ക് കുറയ്ക്കാൻ മുസ്ലിം ലീഗുണ്ടാക്കിയ ഈ സഖ്യം കേവല സഖ്യമല്ല. അത് മുസ്ലിം ലീഗിന്റെ മതമൗലികാവാദപരമായ പരിവർത്തനമാണ്. അതിന് മുന്നിൽ കീഴ്പ്പെടുകയാണ് കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സമൂഹം അതിനെ എങ്ങിനെ കാണുന്നുവെന്ന് പോലും അവർ ചിന്തിച്ചില്ല. ജനത്തെ വിലകുറച്ച് കണ്ടതാണ് കേരളത്തിലെ കോൺഗ്രസിന്റെ ഏറ്രവും വലിയ തകരാറ്. അതുകൊണ്ടാണ് ഇപ്പോഴത്തെ തോൽവി തിരിച്ചറിയാൻ പോലും സാധിക്കാത്തത്. ഒരു പരിശോധന പോലും നടത്താനാവാത്ത നിലയിൽ അവർ ചുരുങ്ങിപ്പോയെന്നും വിജയരാഘവൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയ ധ്രുവീകരണവും ന്യൂനപക്ഷ വർഗീയ ധ്രുവീകരണവും രണ്ട് ഭാഗത്തായി ഉണ്ടായിരുന്നു. വർഗീയ ധ്രുവീകരണത്തിലൂടെ വിജയം നേടാനാണ് യുഡിഎഫ് ശ്രമിച്ചത്. വോട്ടുകച്ചവടത്തിലൂടെ വിജയം നേടാനായിരുന്നു ബിജെപി ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മതനിരപേക്ഷത വലിയ വെല്ലുവിളി നേരിട്ടു. 

വിദ്യാഭ്യാസ വിപുലീകരണം, ആരോഗ്യമേഖലയിലെ വിപുലീകരണം തുടങ്ങി എല്ലാ നിലകളിലും ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വലിയ ശ്രമങ്ങളുടെ ഫലമാണ് വിജയം. ചില മാധ്യമങ്ങളിൽ നഗരങ്ങളിൽ മുന്നേറ്റമെന്ന വാർത്ത വന്നിരുന്നു. എന്നാൽ കണക്കുകൾ പുറത്തുവന്നപ്പോൾ മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണിക്കാണ് മേൽക്കോയ്മ. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന്റെ തുടർച്ചയാണ് പ്രധാനം. തുടർ സർക്കാർ എന്നതിന് വേണ്ടിയുള്ള കാഴ്ചപ്പാടിന്റെയും വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. കണക്കുകളെല്ലാം വന്നപ്പോൾ എൽഡിഎഫിന് യുഡിഎഫിനെക്കാൾ കൂടുതൽ മുനിസിപ്പാലിറ്റികളും ഉണ്ട്. 1990 ന് ശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന സർക്കാരിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഉണ്ടായതാണ് സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ പൊതു സമൂഹത്തിൽ നിന്നും എൽ ഡി എഫ് ആശയ വിനിമയം നടത്തും. മുഖ്യമന്ത്രി എല്ലാ ജില്ലകളിലും സന്ദർശനം നടത്തും. 22 ന്  കൊല്ലത്താണ് തുടക്കം.  അന്നു വൈകുന്നേരം പത്തനംതിട്ടയിലും 23ന് ഇടുക്കിയിലും കോട്ടയത്തും പിണറായി ജനത്തെ അഭിസംബോധന ചെയ്യും. 24 ന് തിരുവനന്തപുരം, 26 ന് കണ്ണൂരിലും കാസർഗോഡും 27 ന് കോഴിക്കോടും വയനാടും. 28ന് മലപ്പുറം പാലക്കാട് ജില്ലകളിലും 29 ന് തൃശൂരിലും അദ്ദേഹം പ്രസംഗിക്കും. 30 ന് എറണാകുളത്തും ആലപ്പുഴയിലുമായി അവസാനിക്കും.

കർഷക സമരത്തിന് എൽഡിഎഫ് ഡിസംബർ 23ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ  ഐക്യദാർഢ്യം രേഖപ്പെടുത്തും. സൗജന്യ കിറ്റ് തുടരണം എന്ന അഭിപ്രായം എൽ ഡി എഫിൽ ഉയർന്നു. ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.