തൃശൂർ: കൊവിഡ് വാക്‌സിൻ വിതരണം സൌജന്യമായി നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ ചട്ട ലംഘനമായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പ്രഖ്യാപനത്തിനു എതിരായ എംഎം ഹസന്റെയും യുഡിഎഫിന്റെയും പ്രസ്താവന ബാലിശമാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകളിൽ അസാധാരണമായൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രോഗചികിത്സയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അത് പുതിയൊരു കാര്യമല്ല. മാധ്യങ്ങളുമായി സംസാരിക്കുമ്പോൾ ചോദ്യങ്ങളുയരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ നിലപാട് പറയും. കൊവിഡ് ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  ഇക്കാര്യത്തിൽ യുഡിഎഫ് വാദങ്ങൾ ബാലിശമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ അസ്വാഭാവികതയൊന്നുമില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുന്ന സമ്പർഭത്തിൽ കൊവിഡ് രോഗം കൂടിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലൈഫ് പദ്ധതി ഉപേക്ഷിക്കുമെന്നും കേരളാബാങ്ക് വേണ്ടെന്നുവെക്കുമെന്നുമുള്ള യുഡിഎഫിന്റെയും കോൺഗ്രസ് നേതാക്കളുടേയും പ്രഖ്യാപനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല. നിരാശയിൽ നിന്നും ഉയർന്ന് വന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാൽ മതി. മുഖ്യമന്ത്രി ഏത് പ്രസ്ഥാവനയും ഉത്തരവാദികത്തത്തോടെ മാത്രം നടത്തുന്നയാളാണ് അദ്ദേഹം പറഞ്ഞതെല്ലാം കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ്. അത്തരത്തിൽ ഒന്ന് യുഡിഎഫിന് പറയാൻ കഴിയുന്നില്ല. ബാലിശമായ വാദങ്ങളുയർത്താനാണ് യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത്. ജനങ്ങളിക്കാര്യങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.