തൻ്റെ 'അവതാര' പരാമർശത്തിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പിണറായി വിജയൻ്റെ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളെക്കുറിച്ചുള്ളത് ഒരു ജേഷ്ഠൻ്റെ സ്നേഹപൂർവ്വമായ ഉപദേശമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന തൻ്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിൽ ഉള്ളതായിരുന്നു. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താൻ പറഞ്ഞതെന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി. പിണറായിയുടെ ആ വാക്കുകളെ അന്നും ഇന്നും ഞങ്ങൾ മാനിക്കുന്നു. അവതാരം എന്ന തൊപ്പി ആർക്കെല്ലാം ചേരുമോ അവർക്കെല്ലാം അണിയാമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ ബന്ധുക്കളെന്ന് പറഞ്ഞ സിപിഐ സംസ്താന സെക്രട്ടറി, ഇന്ന് ഏറെ ആവശ്യമുള്ളതാണ് ഈ ബന്ധമെന്നും പറഞ്ഞു. വലതുപക്ഷം പിടിമുറുക്കുമ്പോൾ അത് ഇടതുപക്ഷത്തിന്റെ കടമയാണ്. താൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ്. ഒരു വാക്കുപോലും അവർക്കെതിരെ പറയാൻ എനിക്ക് പറ്റില്ല. എ ഐ കാലഘട്ടത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് താൻ പറഞ്ഞത്. ഒരു ജേഷ്‌ഠൻ്റെ സ്നേഹമാണ് പങ്കുവച്ചത്. താൻ പറഞ്ഞതിന് എഐഎസ്എഫ് എന്നോ എസ്എഫ്ഐ എന്നോ വേർതിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിൽ എംഎബേബിയുടെ സാന്നിദ്ധ്യത്തില്‍ ബിനോയ് വിശ്വം നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണം. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രസംഗം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താത്കാലിക ലാഭത്തിനായി വരുന്നവർ അല്ല. ബന്ധുക്കൾ അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. അവർ നമ്മുടെ കൂടെ ആയിരുന്നു. പാസ്റ്റ് ടെൻസിൽ ആണ് താൻ പറയുന്നത്. എല്ലാ തിരിച്ചടികളും പാഠങ്ങൾ പഠിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പിന്തുണ അകലാൻ കാരണം അന്വേഷിക്കണം. പുതിയ തലമുറയിലേക്ക് കനപ്പെട്ട കാര്യങ്ങൾ എത്തുന്നില്ല. എസ്എഫ്ഐയും എഐഎസ്എഫും എവിടെയാണ്? യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയാതെ വരുന്നത് ഗൗരവതരമായ കാര്യമാണ്. സിപിഎമ്മും സിപിഐയും പരസ്പരം പടവെട്ടിയപ്പോൾ, ശത്രുക്കൾ വളർന്നു അവർ കോട്ടകൾ കീഴടക്കി. അത് കേരളം വരെ എത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഈ ഓരോ പ്രസ്താവനയിലുമാണ് ഇപ്പോൾ അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.