തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പാര്‍ട്ടിക്ക് മുന്നില്‍ കോടിയേരി ഇതുവരെ പരാതി ഉന്നയിട്ടില്ലെന്നും ഇതുസംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സോളാർ കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുകയാണെന്നും സിഎജി കണക്ക്‌ മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്നും എ വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എൽഡിഎഫ് കൺവീനർ മാറ്റം സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. എല്ലാക്കാലത്തും ഒരാളല്ലല്ലോ കുറച്ച് കാത്തിരുന്നാൽ പാർട്ടി തീരുമാനം അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.