മന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമപരമായ കാര്യമാണെന്നും അത് പരിശോധിച്ച് നിയമം അനുശാസിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്ന് വിജയരാഘവൻ പ്രതികരിച്ചു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന പരാതിയിലുള്ള ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ രാജി ആവശ്യം കടുപ്പിക്കുന്ന പ്രതിപക്ഷത്തെ തള്ളി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമപരമായ കാര്യമാണെന്നും അത് പരിശോധിച്ച് നിയമം അനുശാസിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്ന് വിജയരാഘവൻ പ്രതികരിച്ചു. രാജി ആവശ്യം തള്ളിയ വിജയരാഘവൻ, പ്രതിപക്ഷം രാജി ആവശ്യമുന്നയിക്കുന്നത് സ്വാഭാവികമാണെന്നും അത് ഇടയ്ക്കിടക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണെന്നും പരിഹസിച്ചു. 

കെ.ടി ജലീലിന്‍റെ രാജിയാവശ്യം സിപിഎമ്മിനൊപ്പം സര്‍ക്കാരും തള്ളുകയാണ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ പിന്തുണക്കുമെന്നാണ് നിയമന്ത്രി എ കെ ബാലനും പ്രതികരിച്ചത്. കോടതി വിധി വന്നാല്‍ ഉടന്‍ രാജിവയ്ക്കേണ്ടതില്ലെന്ന് എ കെ ബാലൻ പ്രതികരിച്ചു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.