നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന് വിജയരാഘവൻ
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ നിശബ്ദ പ്രചരണ സമയത്ത് യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മണ്ഡലത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫിൻ്റെ ശ്രമം. യുഡിഎഫിൻ്റേത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ വീട്ടിൽ പോയില്ല. ഇപ്പോഴും യുഡിഎഫ് സ്ഥാനാർത്ഥി പോയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. എതിർ ദിശയിൽ ഉള്ളവരെ ശത്രുവായി കാണുന്ന സമീപനമാണിത്. സന്ദർശനം ഒഴിവാക്കിയത് അതിൻ്റെ തെളിവാണ്. തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയേതരമാക്കുന്നതാണ് യുഡിഎഫ് രീതിയെന്നും അദ്ദേഹം വിമർശിച്ചു.
ഇടതുപക്ഷം വർഗീയ ശക്തികളെ വളർത്തുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും ഒരു വർഗീയതയുമായി ചേർന്ന രാഷ്ട്രീയ ശൈലി സ്വീകരിച്ചിട്ടില്ല. വിപി സിംഗ് മന്ത്രിസഭയിൽ ചേരാൻ സിപിഎം തയ്യാറായിട്ടില്ല. ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ അഭിമാനം കൊള്ളുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അൻവറിനെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് കരുതിയ പ്രതിപക്ഷമാണ് നിരാശരായത്. ആഘോഷിച്ചവർ തന്നെ പാവം അൻവറിനെ മൂലയ്ക്കാക്കി. ഞങ്ങളും അൻവറും പറഞ്ഞ് പിരിഞ്ഞതാണെന്നും വിജയരാഘവൻ പറഞ്ഞു.
ഹിന്ദു വർഗീയതയുമായി കൂട്ട് കൂടാത്ത ആരെങ്കിലും കെപിസിസി ഓഫീസിൽ ഇരിപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന സർക്കാരിന് അടഞ്ഞ സമീപനമില്ല. പ്രായോഗിക പ്രശ്‌നമുണ്ടെങ്കിൽ അക്കാര്യം സർക്കാർ അനുഭാവത്തോടെ പരിഗണിക്കും.



