അന്തരിച്ച കോൺഗ്രസ് മുൻ നേതാവ് വിവി പ്രകാശിൻ്റെ വീട് സന്ദർശിച്ച് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്

മലപ്പുറം: കോൺഗ്രസ് നേതാവ് അന്തരിച്ച വിവി പ്രകാശിൻ്റെ വീട്ടിലെത്തി ഇടത് സ്ഥാനാർത്ഥി എം സ്വരാജ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. നിലമ്പൂരിൽ നേരത്തെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വിവി പ്രകാശിനെ പൊതുപ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളാണെന്ന് എം സ്വരാജ് പ്രശംസിച്ചു.

‘വ്യത്യസ്തനായ കോൺഗ്രസ് നേതാവായിരുന്നു വി വി പ്രകാശ്. അദ്ദേഹത്തിൻ്റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു. തൻറെ സന്ദർശനം ഏതെങ്കിലും ചർച്ചയ്ക്ക് ഉള്ളതല്ല. യുഡിഎഫ് സ്ഥാനാർഥി ഇവിടെ വരാത്ത കാര്യം തനിക്കറിയില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാർഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ല. താൻ അങ്ങനെ എന്തെങ്കിലും പറഞ്ഞ് ആർക്കെങ്കിലും തലവേദന ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’ - എം സ്വരാജ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി.വി. പ്രകാശ് ഇടത് സ്ഥാനാർത്ഥിയായിരുന്ന പിവി അൻവറിനോട് തോൽക്കാൻ കാരണം ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണെന്ന ആരോപണം ശക്തമാണ്. ആര്യാടൻ ഷൗക്കത്ത് വി.വി. പ്രകാശിൻ്റെ കുടുംബത്തെ കാണാത്തത്തും മണ്ഡലത്തിൽ ചർച്ചയാണ്. ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അച്ഛൻ്റെ ഓർമ്മകൾ ഓരോ വോട്ടർമാരുടെയും മനസിൽ എരിയുന്നുവെന്ന് പ്രകാശിൻ്റെ മകൾ നന്ദന ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. നന്ദനയും അമ്മ സ്മിതയും താമസിക്കുന്ന വീട്ടിലെത്തി വോട്ട് അഭ്യർത്ഥിച്ചാണ് പിവി അൻവർ പ്രചാരണം തുടങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് പറഞ്ഞില്ലെങ്കിലും മരിക്കും വരെ കോൺഗ്രസ് ആയിരിക്കുമെന്നാണ് അന്ന് സ്മിത പ്രതികരിച്ചത്.

YouTube video player