ട്വന്റി ട്വന്റി പിന്തുണയ്ക്കും എന്നാണ് എഎപി പറഞ്ഞിരുന്നത്. സ്ഥാനാർത്ഥി വിഷയത്തിൽ എഎപി നിലപാട് ഈ മാസം 15ന് ശേഷമെന്നും പി സി സിറിയക് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം: തൃക്കാക്കരയിൽ എഎപി- ട്വന്റി ട്വന്റി സംയുക്ത സ്ഥാനാർത്ഥി എന്ന ആശയം ആലോചിച്ചിരുന്നില്ലെന്ന് എഎപി. ട്വന്റി ട്വന്റി പിന്തുണയ്ക്കും എന്നാണ് എഎപി പറഞ്ഞിരുന്നത്. സ്ഥാനാർത്ഥി വിഷയത്തിൽ എഎപി നിലപാട് ഈ മാസം 15ന് ശേഷമെന്നും പി സി സിറിയക് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
ആരെ പിന്തുണയ്ക്കുമെന്ന് 15ന് ശേഷം തീരുമാനിക്കും. ഇക്കാര്യത്തിൽ അരവിന്ദ് കെജ്രിവാളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമേ നിലപാടെടുക്കൂ എന്നും പി സി സിറിയക് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ട്വന്‍റി ട്വന്‍റിയും മത്സരത്തിനില്ലെന്ന് ഇന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തമല്ലാത്തത് കൊണ്ടാണ് പിന്മാറ്റമെന്നാണ് ഇരുപാർട്ടികളുടയും വിശദീകരണം.
ദില്ലിക്കും പഞ്ചാബിനും പിന്നാലെ എഎപി-യുടെ കേരളത്തിലെ ബദൽ മുന്നേറ്റത്തിന് തൃക്കാക്കര വേദിയാകുമെന്നായിരുന്നു കണക്ക് കൂട്ടൽ. കിഴക്കമ്പലത്ത് മുഖ്യധാരാ പാർട്ടികളെ ഞെട്ടിച്ച ട്വൻ്റി ട്വന്റിയും ഒപ്പം ചേരുമ്പോൾ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലായിരുന്നു യുഡിഎഫും എൽഡിഎഫും. എന്നാൽ ഒടുവിൽ മത്സരിക്കേണ്ടെന്ന് ഇരുപാർട്ടികളും തീരുമാനിച്ചു. തൃക്കാക്കരയിൽ എഎപി നടത്തിയ സർവ്വെയിൽ, മത്സരിച്ചാൽ ഇരുപത് ശതമാനം വോട്ട് പോലും കിട്ടില്ലെന്നായിരുന്നു ഫലം. ഇതോടെയാണ് പിന്മാറ്റം.
എഎപി പ്രഖ്യാപനത്തിന് പിന്നാലെ ട്വൻറി ട്വൻറിയും മത്സരിക്കില്ലെന്ന് അറിയിച്ചു. മത്സരഫലത്തിന് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ടാണ് പിന്മാറ്റമെന്നാണ് ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു ജേക്കബിന്റെ വിശദീകരണം.
2021ൽ ട്വൻറി ട്വൻ്റി സ്ഥാനാർത്ഥി ഡോക്ടർ ടെറി തോമസ് 13897 വോട്ടാണ് തൃക്കാക്കരയിൽ പിടിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥി അനിതാ പ്രതാപിന് തൃക്കാക്കരയിൽ കിട്ടിയത് ഒൻപതിനായിരത്തിലേറെ വോട്ട്. രണ്ട് പാർട്ടികൾ ചേരുമ്പോൾ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നായിരുന്നു ആദ്യകണക്ക് കൂട്ടൽ. എഎപി, ട്വൻറി ട്വന്റി സംയുക്ത സ്ഥാനാർത്ഥി മാറിയതിന്റെ ആശ്വാസത്തിലാണ് ഇരുമുന്നണികളും . നിയമസഭാ തെരഞ്ഞെടുപ്പിലും കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയതിൽ ട്വൻറി ട്വൻറിക്ക് നിർണ്ണായകപങ്കുണ്ടായിരുന്നു. എഎപി ട്വൻറി ട്വന്റി പിന്മാറ്റത്തോടെ സംയുക്ത സ്ഥാനാർത്ഥിക്ക് കിട്ടേണ്ടിയിരുന്ന വോോട്ട് ഉറപ്പാക്കാനാണ് ഇടത് വലതുമുന്നണികളുടെ നീക്കം. 15 ന് കെജ്രിവാളിൻറെ കിഴക്കമ്പലം പൊതുസമ്മേളനത്തിൽ ഇരുപാർട്ടികളും തെരഞ്ഞടുപ്പിലെ നിലപാട് വ്യക്തമാക്കും.
