ചികിത്സാച്ചെലവ് താങ്ങാനാകാതെ കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട 'നിധി' എന്ന പിഞ്ചുകുഞ്ഞ് സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു.
എറണാകുളം: ജീവിതത്തിന്റെ പ്രതിസന്ധികളിൽപ്പെട്ട് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട 'നിധി' എന്ന പിഞ്ചുകുഞ്ഞ് ഇന്ന് സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് ചികിത്സാച്ചെലവ് താങ്ങാനാവാതെ വന്നതിനെ തുടർന്ന് ഉപേക്ഷിച്ചുപോയ ഈ പെൺകുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലോടെയാണ് ഇതുവരെ സംരക്ഷിച്ചത്.
നിസ്സഹായരായ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ നിധിയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും വാത്സല്യത്തോടെ 'നിധി' എന്ന് പേര് നൽകുകയും ചെയ്തു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ എല്ലാ സ്നേഹവും പരിചരണവും ലഭിച്ച് നിധി വളർന്നു. കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചതോടെയാണ് നിധിയെ ജാർഖണ്ഡിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് വേഗമായത്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ധൻബാദ് എക്സ്പ്രസ്സിൽ നിധിയുമായി ജാർഖണ്ഡിലേക്ക് പുറപ്പെടും.
അവിടെ വെച്ച് ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അജ്ഞാതരായി ഉപേക്ഷിക്കപ്പെട്ട്, കേരളത്തിന്റെ സ്നേഹത്തണലിൽ വളർന്ന നിധി, പുതിയ ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ അവൾക്കൊപ്പം കാരുണ്യത്തിൻ്റെ ഒരുപാട് കൈകളും പ്രാർത്ഥനകളും ഉണ്ട്. ഇത് കേവലം ഒരു കുഞ്ഞിൻ്റെ മടങ്ങിപ്പോക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റേയും മനോഹരമായ ഒരു അധ്യായം കൂടിയാണ്.

