കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂർ സ്വദേശിയേയും ഒപ്പമുണ്ടായിരുന്ന യുവതിയേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല. കേന്ദ്ര ഐബി ഉദ്യോഗസ്ഥരടക്കം ഇരുവരേയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.

എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ നാടകീയമായാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ വരെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജൻസിയും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഇയാളെ ചോദ്യം ചെയ്തു. ഇയാൾക്കൊപ്പം ബഹ്റൈനിൽ നിന്നെത്തിയ വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ യുവതിയിൽ നിന്നും വിവരങ്ങൾ തേടുന്നുണ്ട്. 

തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഖ്ദുൾ ഖാദർ റഹീം അന്വേഷണ സംഘത്തോട് ആവർത്തിച്ചത്. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്കർ കമാൻഡർ എന്ന് കേന്ദ്ര ഏജൻസികൾ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവര്‍ത്തിക്കുന്നു. എന്നാൽ, ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്റൈൻ പൊലീസ് ചോദ്യം ചെയ്തിരുന്നതായി ഇയാൾ അറിയിച്ചു.

കേന്ദ്ര ഐബിയുടെയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെയും എൻഫോഴ്സ്‍മെന്റ് ഡയറക്ട്രേറ്റിന്റെയും ഉദ്യോഗസ്ഥർ ഇന്ന് ഇരുവരേയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ എന്തെങ്കിലും കിട്ടിയാൽ കൊച്ചിയിൽ തന്നെ കേസെടുക്കാനും അല്ലെങ്കിൽ വിട്ടയക്കാനുമാണ് ധാരണ. കേരളത്തിലടക്കം ഭീകരാക്രമണത്തിന് നീക്കം നടത്തുന്നെന്ന സംശയത്തിലാണ് കേന്ദ്ര ഏജൻസികൾ അബ്ദുൾ ഖാദർ റഹീം അടക്കമുള്ളവരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.