ദില്ലി: അബ്ദുൾ നാസര്‍ മഅദനി അപകടകാരിയായ വ്യക്തിയെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പിഡിപി നേതാവ് മഅദനി. വരേണ്യവര്‍ഗത്തിന് വിധേയരായി നിൽക്കാത്തവർ എന്നും 'അപകടകാരികൾ' ആയിരുന്നു എന്നാണ് മഅദനിയുടെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും 'അപകടകാരികൾ' ആയിരുന്നു. മർദ്ദകർക്ക് മർദ്ദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രമാണ്. വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണെന്നാണ് മഅദനിയുടെ പോസ്റ്റ്. 

കേരളത്തിലേക്ക് താമസം മാറ്റാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസര്‍ മഅദനി നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ 'അപകടകാരിയായ വ്യക്തിയെന്ന' പരാമര്‍ശം. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് 2014ൽ ജാമ്യം കിട്ടിയ ശേഷം തനിക്കെതിരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും മഅദനിയുടെ അഭിഭാഷകൻ വാദിച്ചു. കേരളത്തിൽ പോകാൻ രണ്ടുതവണ ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് അനുമതി നൽകിയതെന്നും മഅദനിയുടെ അഭിഭാഷൻ ചൂണ്ടിക്കാട്ടി. 

മദ്രാസ് ഹൈക്കോടതിയിൽ മഅദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ബെഞ്ചിലെ ജഡ്ജി രാമസുബ്രഹ്മണ്യം സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു. ബെംഗളൂരു സ്ഫോടന കേസിൽ 2010 ലാണ് മഅദനിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ചികിത്സക്കായി ബെംഗളൂരുവിന് പുറത്ത് പോകരുതെന്ന ഉപാധിയോടെ 2014ൽ സുപ്രീംകോടതി ജാമ്യം നൽകി. ഏഴുവര്‍ഷത്തോളമായി ബെംഗളൂരുവിലെ ആശുപത്രിയിൽ കഴിയുകയാണ് മഅദനി. വിചാരണ നീണ്ടുപോകുന്ന സാഹര്യത്തിൽ കേരളത്തിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കണമെന്നാണ് മഅദനിയുടെ ആവശ്യം.