കോയമ്പത്തൂർ സ്ഫോടന കേസിൽ 2003 ൽ വാദം കേട്ട സാഹചര്യത്തിലാണ് ജസ്റ്റിസ് വി രാമസുബ്രഹ്ണ്യം പിൻമാറിയത്. കേസ് മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ദില്ലി: കേരളത്തിലേക്ക് താമസം മാറ്റാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൾ നാസര്‍ മദനി നൽകിയ ഹര്‍ജി കേൾക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനാണ് പിന്മാറിയത്. കോയമ്പത്തൂര്‍ സ്ഫോടന കേസിൽ മുമ്പ് വാദം കേട്ടിരുന്ന സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. ഇതോടെ മറ്റൊരു ജഡ്ജി ഉൾപ്പെട്ട ബെഞ്ച് കേസ് പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു.

മദനിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിക്കും മുമ്പേ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. മദനി കേരളത്തിലേക്ക് പോയാൽ ഭീകരസംഘടനകളുമായി ചേര്‍ന്ന് വീണ്ടും പ്രവര്‍ത്തിക്കാൻ സാധ്യതയുണ്ടെന്നും കേസ് അട്ടിമറിക്കാനും ശ്രമം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നു. 2010 ൽ അറസ്റ്റിലായ മദനിക്ക് ചികിത്സാവശ്യം 2014 ൽ ജാമ്യം നൽകിയിരുന്നു. ബംഗലൂരുവിന് പുറത്ത് പോകരുതെന്ന എന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. പത്ത് വര്‍ഷത്തിലധികമായിട്ടും വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ കേരളത്തിൽ പോയി താമസിക്കാൻ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം.