കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മഅദനി ഇവിടെ നിന്ന് അൻവാർശേരിയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഅദനി ഇന്ന് ആശുപത്രിയിൽ തുടരുമെന്നാണ് ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ നാളെയോടെ കൊല്ലത്തേക്ക് തിരിക്കും.

Read More: അബ്ദുൾ നാസർ മഅദനി കേരളത്തിൽ; മുദ്രാവാക്യം വിളികളോടെ സ്വീകരണം, സുരക്ഷക്കായി 10 പൊലീസുകാര്‍

കേരളത്തിലെത്തിയതിൽ സന്തോഷം എന്നാണ് വിമാനത്താവളത്തിൽ മഅദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നൽകുന്നത്. വിരോധമുള്ളവരെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഇനിയും വർഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം. കർണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാൽ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വർഷത്തിനുള്ളിൽ തീർക്കാൻ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോൾ പതിനാലാം വർഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ നീതി സംവിധാനത്തെ വ്യക്തമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതീക്ഷ മുഴുവൻ കേരളീയ സമൂഹത്തിൻ്റെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാൻ മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയത്. ജൂലൈ ഏഴിനാണ് അദ്ദേഹത്തിന് തിരികെ ബെംഗളുരുവിലെത്തേണ്ടത്. 10 പൊലീസുകാരെയാണ് മഅദനിയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർ മഅദനിക്കൊപ്പം വിമാനത്തിലും മറ്റുള്ളവർ റോഡ് മാ‍ർഗവുമാണ് എത്തിയത്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ കാലത്തും നാട്ടിലേക്ക് പോകാൻ മഅദനിക്ക് അനുവാദം കിട്ടിയിരുന്നു. എന്നാൽ സുരക്ഷക്കും മറ്റുമായി 60 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് താങ്ങാനാവുന്നതല്ലെന്ന് അറിയിച്ച് മഅദനി യാത്ര തത്കാലം ഉപേക്ഷിച്ചു. ഭരണമാറ്റത്തോടെ കെട്ടിവക്കേണ്ട തുകയില്‍ ചെറിയ ഇളവ് കിട്ടിയതോടെയാണ് മഅദനി അച്ഛനെക്കാണാനും അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാനുമായി കേരളത്തിലെത്തിയത്. ഭാര്യയും മകനും അടക്കം അദ്ദേഹത്തോടൊപ്പമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player