കൊച്ചി: അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഉടൻ ഹൈക്കോടതിയെ സമീപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർ‍പ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെടും. 

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം. മാത്രമല്ല അടയ്ക്കാ രാജു വർഷങ്ങൾ ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർ‍ജിയിൽ ഉന്നയിക്കും. കൊലക്കുറ്റത്തിൽ പ്രതികൾക്ക് പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപ്പെടും. 

ക്രിസ്മസ് അവധിയ്ക്ക് ശേഷം ജനുവരി നാലിന് ഹൈക്കോടതി തുറയ്ക്കുമ്പോൾ തന്നെ അപ്പീൽ  നൽകും. അപ്പീൽ ഹർജിയിൽ കോടതി തീർ‍പ്പുണ്ടാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടാനാണ് നീക്കം. ഡിസംബർ 23 നായിരുന്നു അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിറ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുന്നത്.