തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിലെ ഇന്നത്തെ സാക്ഷി വിസ്താരം മുടങ്ങി. ഇന്ന് വിസ്തരിക്കേണ്ട മൂന്ന് സാക്ഷികൾ കൂറുമാറുമെന്ന സംശയത്തെ തുടർന്ന് ഇവരെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

കേസിൽ നാല് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. പക്ഷെ കോടതി നടപടി തുടങ്ങിയതിന് പിന്നാലെ മൂന്ന് പേർ കൂറുമാറുമെന്ന സംശയമുണ്ടെന്നും ഇവരെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. 36-ാം സാക്ഷി സിസ്റ്റർ വിനിത, 37-ാം സാക്ഷി സിസ്റ്റർ ആനന്ദ്, 39 -ാം സാക്ഷി സിസ്റ്റർ ഷെർളി എന്നിവരെയാണ് സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. 

ഇവർ ഹാജരായിരുന്നെങ്കിലും അഭിഭാഷകൻറെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം, ഇന്ന് ഹാജരായ 38-ാം സാക്ഷി മിനി പീറ്ററെ ഈ മാസം 16ന് വിസ്തരിക്കും. സഭ വിടുന്നതിന് മുമ്പ് സിസ്റ്റർ ക്ലാര എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.

Read Also; അഭയ കേസ്: വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

കേസിൽ ഇതുവരെ നാല്  സാ​ക്ഷികളാണ് കൂറുമാറിയത്. നാലാം സാക്ഷിയായ സഞ്ജു പി മാത്യു, ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മ, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ താമസിച്ചിരുന്ന പയസ് ടെന്ത് കോൺവെന്റിലെ അടുക്കള ജോലിക്കാരി അച്ചാമ്മയാണ് കേസിൽ ഏറ്റവും ഒടുവിൽ കൂറുമാറിയ സാക്ഷി.

സിസ്റ്റർ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോൺവെന്റിലെ അടുക്കള ഭാഗത്ത് കണ്ടു എന്ന് ആദ്യം മൊഴി നൽകിയ അച്ചാമ്മ ഇന്നലെ മലക്കം മറിഞ്ഞു. എന്നാൽ, സിബിഐ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിൽ ആദ്യം പറഞ്ഞതെല്ലാം സത്യമാണെന്നും അച്ചാമ്മ അറിയിച്ചു. നുണപരിശോധന നടത്താനുള്ള സിബിഐ നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ അച്ചാമ്മക്ക് വേണ്ടി ഹാജരായത് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ആണ്.

ഹരീഷ് സാൽവെയെ ചുമതലപ്പെടുത്തിയത് ആരാണെന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് തന്റെ പേരിൽ ആരോ കേസ് നടത്തുന്നുണ്ടായിരുന്നു എന്നായിരുന്നു അച്ചാമ്മയുടെ മറുപടി. കൂറുമാറിയെങ്കിലും ക്രോസ് വിസ്താരത്തിലെ അച്ചാമ്മയുടെ ഉത്തരങ്ങൾ കേസിൽ ആയുധമാക്കാനാണ് സിബിഐയുടെ നീക്കം.