അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ.

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോള്‍ കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ.

Add Asianetnews as a Preferred SourcegooglePreferred

അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നൽകിയ മൊഴി. പക്ഷെ അസ്വാഭാവിമായ താൻ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയിൽ മൊഴി നൽകി. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മയെ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ നീക്കം തടഞ്ഞത്. 

അച്ചാമ്മ അടക്കം നാല് സാക്ഷികളാണ് ഇതുവരെ കേസിൽ കൂറുമാറിയത്. കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, നാലാം സാക്ഷി സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ ഇന്ന് നിഷ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ പറഞ്ഞിരുന്നു. 

ഓ​ഗസ്റ്റ് 27-ന് നടന്ന വിചാരണക്കിടെയാണ് സിസ്റ്റർ അനുപമ കൂറുമാറിയത്. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്ന് സിസ്റ്റർ അനുപമയെ ഒന്നാമതായി വിസ്തരിക്കുകയായിരുന്നു. കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്‍റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. 

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.