Asianet News MalayalamAsianet News Malayalam

'താൻ കുറ്റം ചെയ്തിട്ടില്ല'; ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് ഫാ. കോട്ടൂർ

പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു. എന്നാല്‍, ഫാ. തോമസ് കോട്ടൂർ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതികൂട്ടിൽ നിന്നത്.

Abhaya case verdict culprits Thomas Kottoor reaction
Author
Kottayam, First Published Dec 22, 2020, 12:23 PM IST

കോട്ടയം: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂർ. ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് ഫാ. കോട്ടൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന സിബിഐ കോടതിയുടെ വിധി പ്രസ്താവനയ്ക്ക് ശേഷം മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിന് മുമ്പാണ് തോമസ് കോട്ടൂരിന്‍റെ പ്രതികരണം.

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് അഭയയ്ക്ക് നീതി ലഭിക്കുന്നത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവേ വ്യക്തമാക്കി. കേസിൽ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു. എന്നാല്‍, ഫാ. തോമസ് കോട്ടൂർ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതികൂട്ടിൽ നിന്നത്.

ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം. അഭയയ്ക്ക് നീതി കിട്ടിയതില്‍ സന്തോഷമെന്ന് കേസിലെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറ കണ്ണുകളോടെയാണ് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി.തോമസ് പ്രതികരിച്ചത്. സത്യത്തിൻ്റെ വിജയമാണ് ഇത്. അന്വേഷണം നീതിപൂർവം ആണെന്നതിൻ്റെ തെളിവാണ് കോടതിയുടെ കണ്ടെത്തല്‍. സന്തോഷം കൊണ്ടാണ് ഇപ്പോൾ കണ്ണുനീര് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios