തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണിയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി  പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ തിരുത്തിയത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ ഇന്ന് നിഷ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ പറഞ്ഞത്. 

അടുക്കളയുടെ ഭാഗത്താണ് സിസ്റ്റർ സെഫി താമസിച്ചിരുന്നത്. പ്രാർത്ഥനക്കായി വൈദികർ മഠത്തിൽ പലപ്പോഴും വരാറുണ്ടായിരുന്നെന്ന മൊഴിയും നിഷ തിരുത്തിയിട്ടുണ്ട്. പയസ് ടെന്‍ത് കോൺവെന്റിലെ താമസിക്കാരിയായിരുന്നു നിഷാ റാണി.

അതേസമയം, കേസിൽ പ്രോസിക്യൂഷന് അനുകൂലമായി  മറ്റൊരു സാക്ഷി മൊഴി നല്‍കി. കേസിലെ അഞ്ചാം സാക്ഷിയായ ഷമീർ ആണ് ഇന്ന് കോടതിയിൽ നിർണ്ണായക മൊഴി നൽകിയത്. കോൺവെന്റിൽ നിന്നും കേസിലെ മറ്റൊരു സാക്ഷിയായ രാജു മോഷ്ടിച്ച ചെമ്പ് താനാണ് വാങ്ങിയതെന്ന് ആക്രി കച്ചവടം നടത്തുന്ന ഷമീർ വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞു. രാജുവിനെ കൊണ്ട് അഭയയുടെ കൊലപാതക കുറ്റം ഏറ്റെടുപ്പിക്കുന്നതിന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായും ഷമീർ കൂട്ടിച്ചേർത്തു. 

മോഷണത്തിന് രാത്രി കോൺവെന്റിൽ എത്തിയപ്പോൾ പ്രതികളായ വൈദികരെ കണ്ടുവെന്നും കേസ് അട്ടിമറിക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിച്ചുവെന്നും കഴിഞ്ഞ ദിവസം രാജുവും കോടതിയിൽ മൊഴി നൽകിയിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നതായും രാജു ആരോപിച്ചു. സംഭവ ദിവസം രാത്രി ഫാദർ തോമസ് കോട്ടൂർ കോൺവെന്‍റിന്‍റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി.

നിഷാ റാണി അടക്കം കേസിൽ ഇതുവരെ മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. കേസിലെ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഓ​ഗസ്റ്റ് 27-ന് നടന്ന വിചാരണക്കിടെയാണ് സിസ്റ്റർ അനുപമ കൂറുമാറിയത്. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നും സിസ്റ്റർ അനുപമ കോടതിയിൽ പറഞ്ഞു.

കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രിക്ക് അഭയയുടെ ബാച്ച് മേറ്റായിരുന്നു സിസ്റ്റർ അനുപമ. അഭയയോടൊപ്പം കോൺവെന്റിൽ സിസ്റ്റർ അനുപമ ഒരുമിച്ച് താമസിച്ചിരുന്നു. പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാമതായി വിസ്തരിച്ചത്. കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്‍റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. 

കേസിൽ ഷമീറും രാജുവുമടക്കം ഇതുവരെ അഞ്ച് പേർ അനുകൂല മൊഴി നൽകിയിട്ടുണ്ട്. കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷിയായ വേണുഗോപാലൻ നായർ എന്നിവരാണ് അനുകൂല മൊഴി നൽകിയ കേസിലെ മറ്റ് സാക്ഷികൾ. 

അഭയയുടെ യഥാർത്ഥ ഇൻക്വസ്റ്റ് റിപ്പോർട്ട് നശിപ്പിച്ച് മറ്റൊന്ന് തയ്യാറാക്കാൻ അന്നത്തെ എഎസ്ഐ വി വി അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് തോമസിന്റെ മൊഴി‍. അഭയ കൊല്ലപ്പെട്ട ദിവസം മഠത്തിൽ എത്തിയപ്പോൾ ഒരു കോടാലിയും രണ്ട് ചെരുപ്പും വാട്ടർ ബോട്ടിലും അടുക്കളയുടെയും കിണറിന്റെയും സമീപം കണ്ടിരുന്നുവെന്നും തോമസ് മൊഴി നൽകിയിട്ടുണ്ട്. സിബിഐ പ്രതിചേർത്ത വി വി അഗസ്ത്യൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

സിസ്റ്റർ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നൽകിയത്. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ. പത്ത് ഫോട്ടോകൾ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ, ആറെണ്ണം മാത്രമാണ് കോടതിയിൽ എത്തിയത്. ബാക്കി നാല് ഫോട്ടോകൾ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വർഗീസ് ചാക്കോയുടെ മൊഴിയിലുണ്ടായിരുന്നു.

കേസിലെ പ്രതികള്‍ കോട്ടയം ബിഷപ്പ് ഹൗസിൽ വച്ച് കുറ്റസമ്മതം നടത്തിയിരുന്നുവെന്നാണ് പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലൻ നായർ കോടതിയിൽ മൊഴി നൽകിയത്. പ്രതികളുടെ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്‍ദാനം ചെയ്തുവെന്നും വേണുഗോപാലൻ പറഞ്ഞു.

ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പാണ് ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും തോമസ് കോട്ടൂരും, ജോസ് പൂതൃക്കയിലും ആവശ്യപ്പെട്ടുവെന്നും വേണുഗോപാലൻ മൊഴിയിൽ വ്യക്തമാക്കി. 

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.