അബുവിനെ വിജിലൻസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റും ഉടനുണ്ടായേക്കും.

കൊച്ചി: ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരൻ അബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നൽകി. അബുവിനെ വിജിലൻസും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റും ഉടനുണ്ടായേക്കും. 

ചൂർണിക്കരയിൽ വ്യാജരേഖയുണ്ടാക്കി ഭൂമി തരം മാറ്റിയത് ഇടനിലക്കാരൻ അബുവാണെന്ന് ഭൂവുടമ ഹംസ നേരത്തേ തന്നെ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന് തൊട്ടുപിറകെയാണ് കാലടി ശ്രീഭൂതപുരം സ്വദേശി അബു ഒളിവിൽ പോയത്. ആലുവ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അബു പൊലീസ് പിടിയിലായത്. 

വ്യാജരേഖ ഉണ്ടാക്കാൻ തിരുവനന്തപുരത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അബു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ പേരും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നിലവിൽ സർവ്വീസിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് തുടങ്ങിക്കഴിഞ്ഞു. ചൂർണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരേയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരുടെ കൂടി സാന്നിദ്ധ്യത്തിലാണ് അബുവിനെ ചോദ്യം ചെയ്യുന്നത്. 

ഭൂമി തരം മാറ്റുന്നതിന് വേണ്ടി വ്യാജരേഖയുണ്ടാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് 7 ലക്ഷം രൂപ അബു നൽകിയെന്ന് ഭൂവുടമ ഹംസ പൊലീസിന് നേരത്തേ മൊഴി നൽകിയിരുന്നു. വ്യാജരേഖയുണ്ടാക്കാൻ അബുവിൽ നിന്ന് ഏതൊക്കെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റി, ഉദ്യോഗസ്ഥർ എന്തൊക്കെ സഹായം അബുവിന് ചെയ്തുകൊടുത്തു തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ചറിയുകയാണ്. 

വില്ലേജ് ഓഫീസ് മുതൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് വരെയുള്ള തലങ്ങളിൽ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോർട്ട്കൊച്ചി സബ് കളക്ടറും കണ്ടെത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അബുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ചൂർണിക്കരയിലെ ഭൂമി അല്ലാതെ മറ്റ് ഏതൊക്കെ ഭൂമിയിടപാടുകൾ അബു നടത്തി എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചൂർണിക്കര വ്യാജരേഖ കേസിൽ വിജിലൻസിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.