കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രതികള്‍. അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് പ്രതികളുടെ വിശദീകരണം. ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന വാദം തെറ്റാണ്. അറിഞ്ഞ് കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും നടിയോട് മാപ്പ് പറയാമെന്നും പ്രതികൾ പറഞ്ഞു.

നടിയോട് സംസാരിക്കാൻ ശ്രമിച്ചതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ഇരുവരുടെയും ന്യായീകരണം. . തിരികെയുള്ള ട്രെയിൻ പുലർച്ചെയായതിനാൽ സമയം ചിലവഴിക്കാൻ ഷോപ്പിംഗ് മാളിലെത്തിയതെന്നാണ് ഇരുവരും വിശദീകരിക്കുന്നത്. മാളില്‍ വച്ച് നടിയെ കണ്ടപ്പോള്‍ അടുത്ത് പോയി സംസാരിച്ചു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു. 

അറിഞ്ഞ് കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയതെന്നും യുവാക്കൾ കൂട്ടിച്ചേര്‍ത്തു.

തനിക്ക് നേരിട്ട ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവനടി പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്. 

മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. എന്നാൽ പ്രതികളുടെ പ്രവൃത്തി ബോധപൂർവ്വമായിരുന്നുവെന്ന് സൂപ്പർ മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കൊച്ചിയിൽ തിരിച്ചെത്തുന്ന നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തു.