തൃശ്ശൂര്‍: നാളെ (19.12.19) സംസ്ഥാനത്തെ കോളേജുകളില്‍ എബിവിപിയുടെ പഠിപ്പ്മുടക്ക്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് തൃശ്ശൂര്‍ കേരളവർമ കോളേജിൽ സെമിനാര്‍ നടത്താന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് നാളെ പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്‍തിരിക്കുന്നത്. എസ്‍എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. 

Read More: കേരളവർമ്മയില്‍ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി എസ്എഫ്ഐ
 

ഇന്ന് രാവിലെ 9.30 ഓടെ യാണ് കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്യാന്‍ ക്ലാസ് മുറിയിൽ എത്തിയതായിരുന്നു എബിവിപി പ്രവർത്തകർ. ഇവരെ ക്ലാസ് മുറിക്കകത്തും പിന്നിട് വരാന്തയിൽ വെച്ചും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദ്ദിക്കുകയായിരുന്നു. പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ  നടത്താൻ  എബിവിപി കഴിഞ്ഞദിവസം നടത്തിയ ശ്രമം എസ്എഎഫ്ഐ തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ്  എസ്എഫ്ഐയുടെ മര്‍ദ്ദനമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.  മർദ്ദനത്തിനിടയിൽ അധ്യാപകരും പരിക്കേറ്റിരുന്നു.