തിരുവനന്തപുരം: കുന്നുകുഴിയില്‍ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വരമ്പാശേരി ലെയ്നില്‍ മാരാര്‍ജി ഭവന് സമീപം ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വയോധികരായ തങ്കമണിയും ഓമനയുമായിരുന്നു ഈ സമയം വീട്ടിനകത്തുണ്ടായിരുന്നത്. ഇരുവരും തീപിടിച്ച മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പുറത്തുള്ള മുറിയില്‍ ഇരുവരുടെയും സഹോദരന്‍ ജയചന്ദ്രന്‍ ഉണ്ടായിരുന്നു. സ്ഫോടന ശബ്ദം കേള്‍ക്കുകയും തീപടരുന്നത് കാണുകയും ചെയ്തപ്പോള്‍ ഇവര്‍ പുറത്തേക്കിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.

നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചുവരുത്തി. തീയണച്ച ശേഷം വയോധികരെ മറ്റാരു വീട്ടിലേക്ക് മാറ്റിയാണ് അധികൃതര്‍ മടങ്ങിയത്.  ലീഡിങ് ഫയര്‍മാന്‍ സന്തോഷിന്‍റെ നേതൃത്വത്തിലാണ് തീയണച്ചത്.