Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധി; ആരുടേയും കിടപ്പാടം നഷ്ടപ്പെടരുത്: എ സി മൊയ്‍തീൻ

"നിയമം നിലവിൽ വരുന്നതിന് മുമ്പ് നിർമിച്ച ഫ്ലാറ്റും ഇതിൽപ്പെടും. പിന്നെ ഉടമസ്ഥരുടെ ഭാഗം കേട്ടില്ലെന്ന ആക്ഷേപവുമുണ്ട്" മന്ത്രി

ac moideen not supports the supreme court order to demolish flats in maradu,
Author
Thiruvananthapuram, First Published Jun 13, 2019, 12:44 PM IST

തിരുവനന്തപുരം: മരട് നഗരസഭയില്‍ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതിയെ എതിർത്ത് നിയമസഭയിൽ മന്ത്രി തദ്ദേശഭരണ മന്ത്രി എ സി മൊയ്തീന്‍. ആരുടേയും കിടപ്പാടം നഷ്ടപ്പെടരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും നിർമ്മിച്ചതിനേക്കാൾ അധികം ചെലവ് പൊളിക്കാൻ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

"പാരിസ്ഥിതിക ആഘാതം പഠിക്കാൻ ചെന്നൈ ഐഐടി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസ് സുപ്രീം കോടതിയിൽ വരുമ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്ന് കരുതുന്നു. നിയമം നിലവിൽ വരുന്നതിന് മുമ്പ് നിർമിച്ച ഫ്ളാറ്റും ഇതിൽപ്പെടും. പിന്നെ ഉടമസ്ഥരുടെ ഭാഗം കേട്ടില്ലെന്ന ആക്ഷേപവുമുണ്ട്" മന്ത്രി പറഞ്ഞു. 

മരടിൽ ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാതെ തൽസ്ഥിതി തുടരട്ടെയെന്നാണ് സുപ്രീംകോടതി നിർദേശം. ആറാഴ്‌ചത്തേക്ക് പൊളിക്കേണ്ടെന്നാണ് ഉത്തരവ്. ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ നി‍ർദേശം.

താമസക്കാർ നൽകിയ ഹർജി, ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. ജൂലൈ ആദ്യവാരം ബഞ്ച് ഈ ഹർജി പരിഗണിക്കും. താമസക്കാരുടെ വാദം കേൾക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.

ഫ്ലാറ്റുകൾ ഉടമകൾ തന്നെ പൊളിച്ചു നീക്കണമെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതറിയിച്ചുകൊണ്ട് ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. 

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഫ്ലാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. 

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്. 

ഫ്ളാറ്റുകള്‍ പൊളിക്കാനുളള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യം സര്‍ക്കാര്‍ തളളിയിരുന്നു. നിയമം അനുസരിച്ച് നഗരസഭ തന്നെയാണ് ഈ ചെലവ് വഹിക്കേണ്ടതെന്നും മന്ത്രി എസി മൊയ്ദീൻ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios