തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ  പരസ്പരം ആഞ്ഞടിച്ച് മന്ത്രി എ.സി.മൊയ്തീനും അനിൽ അക്കര എംഎൽഎയും. യാതൊരു തെളിവുമില്ലാതെയാണ് എംഎൽഎ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ 2 കോടി രൂപ മന്ത്രി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി അനിൽ അക്കര വ്യക്തമാക്കി.

ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന ശേഷം ഇതാദ്യമായാണ് വിശദീകരണവുമായി മന്ത്രി എ.സി.മൊയ്തീൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. റെഡ്ക്രസൻ്റ്  കരാർ നൽകിയ യൂണിടാകിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. സ്വന്തം കഴിവുകേട് മറക്കാനാണ് അനിൽ അക്കര എംഎൽഎ. തനിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നത്. 

നിയമസഭയിൽ അനിൽ അക്കരയുടെ ആരോപണം യുഡിഎഫ് ഏറ്റെടുക്കാത്തത് വ്യക്തമായ തെളിവില്ലാത്തത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയ്ക്ക് മറുപടിയുമായി തൊട്ടു പിന്നാലെ എംഎൽഎയുമെത്തി. മന്ത്രി അഴിമതിക്കാരനല്ലെങ്കിൽ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് തന്നെയാണ്. മന്ത്രി തനിക്കയച്ച വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എംഎൽഎ വ്യക്തമാക്കി.