കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം ഒതുക്കി തീ‍ർക്കാൻ വ്യാപാരികൾ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

കോഴിക്കോട് ന​ഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ സെഞ്ച്വറി കോപ്ലക്സിൽ ഇന്നലെയാണ് അപകടമുണ്ടായത്. തിരൂ‍ർ സ്വദേശിയും വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് കെട്ടിട്ടത്തിൻ്റെ മുകൾ നിലയിൽ അനധികൃതമായ ഉണ്ടാക്കിയ ദ്വാരത്തിലൂടെ വീണ് മരിച്ചത്. ന​ഗരസഭയുടെ യാതൊരു അനുമതിയും വാങ്ങാതെ വ്യാപാരികൾ സ്വന്തം സൗകര്യത്തിനാണ് കെട്ടിട്ടത്തിൻ്റെ നടപ്പാതയിൽ ഇങ്ങനെയൊരു ദ്വാരമുണ്ടാക്കിയത് എന്നാണ് സൂചന. 

ഇന്നലെ തൻ്റെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി സെഞ്ച്വറി കോപ്ലക്സിലെത്തിയ ഹൈദ്രോസ് ഹാജി നടപ്പാതയിലൂടെ നീങ്ങുന്നതിനിടെയാണ് തുറന്നിട്ട് ദ്വാരത്തിലൂടെ താഴെ വീണ് തലയ്ക്ക് പരിക്കേറ്റ് ദാരുണമായി മരിച്ചത്. സംഭവം നടന്ന് 24 മണിക്കൂ‍ർ പിന്നിട്ടിടും കോ‍ർപ്പറേഷൻ ഉദ്യോ​ഗസ്ഥ‍ർ ആരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നില്ല. 

തുടർനടപടിയില്ലാതെ സംഭവം ഒതുക്കി തീ‍ർക്കാൻ നീക്കം നടക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുട‍ർന്ന് ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് സംഘം സെഞ്ച്വറി കോപ്ലക്സിൽ എത്തിയിരുന്നു. എന്നാൽ ‍പ്രതികരിക്കാൻ വ്യപാരികളാരും തയ്യാറായില്ല. ഒരു നിരപരാധിയായ മനുഷ്യൻ മറ്റുള്ളവരുടെ അശ്രദ്ധ മൂലം മരണപ്പെട്ട സംഭവം വാ‍ർത്തയായതിന് പിന്നാലെ 11 മണിയോടെയാണ് കോ‍ർപറേഷനിൽ നിന്നും ഉദ്യോ​ഗസ്ഥ‍ർ ഇവിടെ നേരിട്ട് പരിശോധിക്കാനായി എത്തിയത്. സംഭവത്തിൽ കെട്ടിട്ട ഉടമയ്ക്കെതിരെ മനപൂ‍ർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.