കോട്ടയം: കുറവിലങ്ങാടിനു സമീപം എം സി റോഡിൽ കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കോട്ടയം വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

കാളികാവിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാർ കണ്ടത് മുൻവശമാകെ തകർന്ന് കിടക്കുന്ന കാറാണ്. 

അപകടത്തെ തുടർന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ നാട്ടുകാർ ഏറെ ബുദ്ധിമുട്ടി. പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ഇവരെയെല്ലാവരെയും പുറത്തെടുത്തത്. ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. എല്ലാവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. 
പെരുമ്പാവൂരിലേയ്ക്കു തടിയുമായി പോകുകയായിരുന്നു ലോറി. അപകടത്തിൽ മരിച്ചവരെല്ലാം ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നത് നാട്ടുകാരെ നടുക്കി. വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.