തുറവൂരിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഇരുമ്പിന്റെ സ്കൈബീം താഴെ വീണു.
ആലപ്പുഴ: ആലപ്പുഴ അരൂർ തുറവൂർ ദേശീയ പാത ഉയരപാത നിർമ്മാണത്തിനിടെ ഇരുമ്പിന്റെ സ്കൈബീം താഴെ വീണു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. തുറവൂർ ജംഗ്ഷനിൽ രാവിലെ ആറരയോടെയാണ് സംഭവം. തുറവൂരിലെ ആദ്യത്തെ ഫില്ലറിന്റെ കോൺക്രീറ്റ് പണി നാളുകൾക്കു മുൻപ് പൂർത്തിയായിരുന്നു. ഈ ഭാഗത്തെ കോൺക്രീറ്റ് ഉറപ്പിക്കുന്നതിന് സ്ഥാപിച്ച ഇരുമ്പ് സ്കൈബീം ക്രെയിൻ ഉപയോഗിച്ച് അഴിച്ചു മാറ്റുമ്പോഴാണ് റോപ് പൊട്ടി നിലത്തേക്ക് വീണത്. വാഹന ഗതാഗതം നിയന്ത്രിക്കാതെയാണ് സ്കൈബീം താഴേക്ക് ഇറക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഈ സമയം വാഹനങ്ങൾ കടന്നു പോകാത്തതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. പിന്നീട് ക്രയിൻ ഉപയോഗിച്ച് സ്കൈബീം റോഡിൽ നിന്ന് നീക്കം ചെയ്തു. ദേശീയപാത ഉയരപ്പാത നിർമ്മാണ മേഖലയിൽ സുരക്ഷ ക്രമീകരണം ഒരുക്കാതെ പ്രവർത്തികൾ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

