Asianet News MalayalamAsianet News Malayalam

വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. 

accused arrested who take injection to old woman at ranni in pathanamthitta
Author
First Published Apr 24, 2024, 10:51 AM IST

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പ്രതി അറസ്റ്റിൽ. 22 കാരനായ വലഞ്ചുഴി സ്വദേശി ആകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. 

മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറിൽ പോകവേ വഴിയരികിൽ ചിന്നമ്മയെ ആകാശ് കണ്ടു. പിന്നാലെ റാന്നിയിൽ പോയി സിറിഞ്ച് വാങ്ങി തിരികെ വരുംവഴി വീട്ടിൽ കയറി കുത്തിവെയ്പ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വതെ അപമാനിച്ചു എന്ന വകുപ്പ് കൂടി ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയെയാണ് കൊവിഡ് വാക്സിൻ്റെ ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കുത്തിവെപ്പ് നടത്തിയത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവയ്‍പ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം, 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios