ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. 

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു. ആദിവാസി യുവാവായ സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടാണ് പ്രതികൾ മർദിച്ചത്. പുലർച്ചെ ഷോളയൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ഇരുവരും.

പാലക്കാട് അട്ടപ്പാടിയിൽ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. യുവാവിനെ അ൪ധ നഗ്നനാക്കി മ൪ദിക്കുന്ന ദൃശ്യങ്ങളുൾപ്പെടെ പുറത്തു വന്നിരുന്നു. മാധ്യമങ്ങളിൽ വാ൪ത്തയായതിനു പിന്നാലെ വാഹനത്തിലെ ഡ്രൈവ൪ക്കെതിരെയും ക്ലീന൪ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അഗളിയിൽ നിന്നും പിക്കപ്പ് വാഹനത്തിലെത്തിയവ൪ യുവാവിനെ മ൪ദിച്ചെന്നാണ് പരാതി. വാഹനത്തിന് മുന്നിലേക്ക് വഴുതി വീണതിനെ തുട൪ന്ന് ത൪ക്കമുണ്ടായി, പിന്നാലെ അ൪ധനഗ്നനാക്കി കയ൪ വെച്ച് കൈ കെട്ടിയിട്ട് മ൪ദിച്ചു, ശേഷം ഒരു മണിക്കൂ൪ തോരാമഴയത്ത് വൈദ്യുതി തൂണിൽ കെട്ടിയിട്ടെന്നുമാണ് പരാതി. നാട്ടുകാരെത്തിയാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മുതുകിലും പരിക്കേറ്റ സിജു അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയ൪ന്നിരുന്നു. മ൪ദിക്കുന്ന ദൃശ്യമുൾപ്പെടെ വാ൪ത്ത പുറത്തുവന്നതോടെ ഇന്നലെ വൈകിട്ടാണ് യുവാവിൻറെ മൊഴിയെടുത്തത്. പിന്നാലെയാണ് പ്രതികൾക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. പ്രതികളുടെ വാഹനത്തിന് മുന്നിൽ വീണതിലുള്ള വിരോധം വെച്ച് പട്ടികവ൪ഗ വിഭാഗക്കാരനാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ യുവാവിനെ മ൪ദിച്ചുവെന്നാണ് എഫ്ഐആ൪. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News