തൃശൂര്‍: കൊവിഡ് സെന്‍ററിൽ റിമാന്‍റ് പ്രതിയുടെ മരണം ജയിൽ ഡിജിപി അന്വേഷിക്കും. കൊവിഡ് കെയർ സെന്‍ററിലുണ്ടായിരുന്ന നാല് ജയിൽ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ശിക്ഷാ നടപടിയെന്ന പേരിലാണ് സ്ഥലം മാറ്റം. എന്നാൽ റിമാൻഡ് പ്രതിയുടെ മരണത്തിൽ ജീവനക്കാരെ സംരക്ഷിച്ചു കൊണ്ടാണ് ജയിൽ വകുപ്പ് റിപ്പോര്‍ട്ട് നൽകിയിട്ടുള്ളത്. ജീവനക്കാർ നടത്തിയത് മർദ്ദനമല്ല ചെറിയ റാഗിംങ്ങ് മാത്രമെന്നാണ് ജയിൽ വകുപ്പിന്‍റെ റിപ്പോർട്ട്. 

സംഭവം വൻ വിവാദമായതിനെ തുടര്‍ന്നാണ്  ജയിൽ ഡിജിപി അന്വേഷിക്കാൻ തീരുമാനം ആയത്. സഹതടവുകാരിൽ നിന്നും ഭാര്യയിൽ നിന്നും ഇന്ന് മൊഴിയെടുക്കും. സംസ്ഥാന ജയിലുകളിലെ എല്ലാ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളും ഡിജിപി സന്ദർശിക്കും 

ജയിൽ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് ജീവനക്കാരുടെ സ്ഥലം മാറ്റ നടപടി. 2 ജീവനക്കാർ മോശമായി പെരുമാറിയെന്ന് ജയിൽ വകുപ്പിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ മരണകാരണമാകുന്ന മർദ്ദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ല. ജനറൽ ആശുപത്രിയിൽ വെച്ചാകാം മർദ്ദനം ഏറ്റതെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 

എന്നാൽ ഷെമീറിന് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ച് മർദ്ദനമേറ്റിട്ടില്ലെന്നാണ് ആശുപത്രി ജീവനക്കാരുടെ മൊഴി. ആശുപത്രി ജീവനക്കാർ ആരും മർദ്ദിച്ചിട്ടില്ല. ലഹരിമരുന്ന് കിട്ടാത്തതിൻ്റെ അസ്വസ്ഥത പ്രതി പ്രകടിപ്പിച്ചിരുന്നു.  കൈകാലുകൾ കെട്ടിയിട്ടാണ് മയക്കാനുള്ള കുത്തിവെയ്പ്പ് എടുത്തത്.  പ്രതിയെ നേരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ജയിൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു എന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. 

അമ്പിളിക്കല കൊവിഡ് സെന്‍ററിൽ റിമാന്‍റ് പ്രതി മരിക്കാനിടയായ സംഭവത്തിലും തുടര്‍ന്നു വന്ന ആരോപണങ്ങളിലും ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടുണ്ട്. കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്‍റെ മരണത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ജയിലിൽ സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് നിർദേശം.

കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തൻ സ്റ്റാൻഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. റിമാന്റിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെൻറിലക്ക് മാറ്റി. സെപ്തംബര്‍ 30ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിലേക്ക് മാറ്റി. ഇവിടെവച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവെ ജയില്‍ ജിവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കൊവിഡ് സെൻറിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാര്‍ഡിലേക്കാണ് മാറ്റിയത്. പിറ്റേന്ന്  പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. ഷെമീർ റിമാൻറിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനമേറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാൽപതിലേറെ മുറിവുകളും മരണകാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.