ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിലുപേക്ഷിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി. വർക്കല ഇടവ സ്വദേശി കബീർ എന്നു വിളിക്കുന്ന ഹസ്സൻകുട്ടിയെയാണ് തിരുവനന്തപുരം പോക്സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയക്കുള്ള ശിക്ഷ ഒക്ടോബർ 3 ന് വിധിക്കും.
ചാക്ക ബ്രഹ്മോസിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ കഴിയുകയായിരുന്ന നാടോടി ദമ്പതികളുടെ രണ്ട് വസുകാരിയെയാണ് ക്രൂരമായ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ പ്രതി തന്ത്രപൂർവ്വം എടുത്ത് കൊണ്ടുപോയി സമീപത്ത്വെച്ച് പീഡിപ്പിച്ചു. കുട്ടി മരിച്ചെന്ന് കരുതി കാട് മൂടിക്കിടന്ന കിടങ്ങിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പേട്ട പോലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് അടുത്ത ദിവസം വൈകിട്ട് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. 13 ദിവസം കഴിഞ്ഞാണ് പ്രതി ഹസൻകുട്ടിയെ പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം തല മുണ്ഡനം ചെയ്ത് ആലുവയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. കൊല്ലത്ത് എത്തിയപ്പോഴാണ് പോലീസ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വൈദ്യ പരിശോധനയിൽ പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിരുന്നു. കൂടാതെ കുറ്റകൃത്യം ചെയ്ത ദിവസം പ്രതി ധരിച്ച വസ്ത്രം ആലുവയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും കുട്ടിയുടെ മുടികൾ കിട്ടിയിരുന്നു.
2012ൽ വർക്കലയിൽ 11 വസുകാരിയെ പൊതുയിടത്തിൽ വെച്ച് ഉപദ്രവിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും കുറ്റകൃത്യം ആവർത്തിച്ചത്. പ്രതി സമാന കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ അജിത് പ്രസാദ് കോടതിയെ അറിയിച്ചു. ബലാത്സംഗത്തിന് പുറമെ വധശ്രമം. തട്ടികൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളും പ്രതിയ്ക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. താൻ നിരപരാധിയാണെന്നാണ് പ്രതിയുടെ വാദം.



