കാട്ടാക്കട പോക്സോ കോടതിയിലെ സീനിയർ ക്ലാർക്കും നെടുമങ്ങാട് പനവൂർ സ്വദേശിയുമായ ശ്രീലാലിൻ്റെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം എട്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

തിരുവനന്തപുരം: കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ രേഖകൾ തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയും കോടതി ജീവനക്കാരനമായ പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി. കാട്ടാക്കട പോക്സോ കോടതിയിലെ സീനിയർ ക്ലാർക്കും നെടുമങ്ങാട് പനവൂർ സ്വദേശിയുമായ ശ്രീലാലിൻ്റെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം എട്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിച്ചിരുന്നത്. അതിവേഗ പോക്സോ കോടതിയില്‍ തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലാണ് ജൂലൈയില്‍ തീപിടിത്തം ഉണ്ടായത്.

പോക്സോ കോടതിയിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിലും പോക്സോ കോടതി ജഡ്ജിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. കോടതിയിൽ നിന്ന് ട്രഷറിയിൽ കെട്ടിവയ്ക്കേണ്ട പണം ഇയാൾ തട്ടിയെടുത്ത് കാട്ടി കോടതിയിലെ മറ്റൊരു ജീവനക്കാരൻ പരാതി നൽകിയിരുന്നു. പിഴതുകയിനത്തിൽ ട്രഷറിയിൽ അടയ്ക്കേണ്ട ഒരു ലക്ഷം രൂപ അപഹരിച്ചെന്നായിരുന്നു പരാതി. കട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ ഓഫീസ് മുറിക്ക് തീപിടിച്ച സംഭവത്തിലും ഇയാളിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്.