കൊച്ചി: നെട്ടൂരിൽ കുമ്പളം സ്വദേശി അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പിൽ താഴ്ത്തിയ കേസിൽ പിടിയിലായ നാലു പ്രതികളെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അര്‍ജുന്‍റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്‍ , അനന്തു, അജയന്‍ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. 

ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അടുത്ത ദിവസം അപേക്ഷ നൽകും. അന്വേഷണ സംഘത്തിൽ നാർക്കോട്ടിക് സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എങ്കിലും ഇക്കാര്യം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച് നടത്തും.