സിപിഐ നേതാവ്  ഭാസുരാംഗനെതിരെയും കുറിപ്പിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗൻ ചതിച്ചെന്ന് ആത്മഹത്യ കുറിപ്പിൽ  സജി പറയുന്നു. 

തിരുവനനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സജി കുമാറിനെ ഇന്നലെയാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കങ്ങളാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സിപിഐ നേതാവ് ഭാസുരാംഗനെതിരെയും കുറിപ്പിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗൻ ചതിച്ചെന്ന് ആത്മഹത്യ കുറിപ്പിൽ സജി പറയുന്നു. സിപിഐ പ്രാദേശിക പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കിയുളള ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

കൂടാതെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സുധീർഖാനെതിരെയും ഡയറിയിൽ പരാമർശമുണ്ട്. വെളളൂർക്കോണം സഹകരണസംഘത്തിൽ സുധീർഖാൻ സാമ്പത്തിക തിരിമറി നടത്തി. സുധീർഖാൻ വരുത്തിയ സാമ്പത്തിക ബാധ്യതയുടെ കണക്കും ഡയറിക്കുറിപ്പിലുണ്ട്. ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാന്‍റെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ. ആർ. സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തിലാണ്. സുധീർ ഖാന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. 

സംഭവം ഇങ്ങനെ...

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്. 

തുടർന്ന് സുധീ‌ർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ആണെന്ന് തിരിച്ചറഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്ത് സജി വീട്ടിലെത്തിയ വിവരം ഭാര്യ പറ‍ഞ്ഞത്. സുധീർഖാൻ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി. സുധീർഖാന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

മാറനല്ലൂരിൽ സിപിഐ നേതാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്തു

ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്