എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവർക്കെതിരെയാണ് നടപടി.

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍സഭ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവർക്കെതിരെയാണ് നടപടി. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയനാണ് ഇക്കാര്യം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയേഷിനേയും ഷിജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിസാന്‍ സഭ നേതാവ് കൃഷ്ണകുമാര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിൽ കാനത്തിനെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജയേഷ്, ഷിജു, കൃഷ്ണകുമാർ എന്നിവരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി പരിശോധനയിലൂടെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. 

അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ പിടിയിലായത് സിപിഐക്ക് നാണക്കേടായി.