എ ഷാനവാസിനെതിരെയുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് ചോർച്ച; ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്കെതിരെ നടപടി
കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമി എന്നായിരുന്നു റിപോർട്ടിലെ കണ്ടെത്തൽ. ഷാനവാസിന് ക്രിമിനൽ മാഫിയ ബന്ധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ആലപ്പുഴ: ലഹരിക്കടത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനാവാസിനെതിരെയുള്ള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ നടപടി. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെ സസ്പെൻഡ് ചെയ്തു. ഇന്‍റലിജൻസ് എഡിജിപിയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം നടത്തിയത്. കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമി എന്നായിരുന്നു റിപോർട്ടിലെ കണ്ടെത്തൽ. ഷാനവാസിന് ക്രിമിനൽ മാഫിയ ബന്ധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് ഷാനവാസിന്‍റെ പേരിലുള്ള ലോറിയിലായിരുന്നു. പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്‍റെ പേരിലുള്ളതാണ്. എന്നാല്‍, ലോറി മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്‍റെ വിശദീകരണം.