Asianet News MalayalamAsianet News Malayalam

സ്വപ്ന ഉള്‍പ്പെട്ട വ്യാജ പരാതിക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിനോയിക്കെതിരെ വീണ്ടും നടപടി

ആരോപണങ്ങൾ വീണ്ടും ശക്തമാകവെ ഭദ്രാ ഇന്‍റർനാഷണൽ രാജി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ അച്ചടക്ക നടപടിയല്ലെന്നും സ്ഥാപനം നഷ്ടത്തിലായ സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ചെന്നാണ് ബിനോയ് ജേക്കബിന്‍റെ വിശദീകരണം.

action against binoy jacob ex Air India Sats vice president on swapna false allegation issue
Author
Kochi, First Published Jul 17, 2020, 6:56 AM IST

കൊച്ചി: എയർ ഇന്ത്യാ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുരുക്കിയതിന് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബിനെതിരെ വീണ്ടും നടപടി. എയർപോർട്ടുകളിലെ ഗ്രൗണ്ട് ഹാന്‍റലിംഗ് കൈകാര്യം ചെയ്യുന്ന ഭദ്രാ ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിൽ നിന്നുമാണ് നടപടി. സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് സ്ഥാപനം രാജി ആവശ്യപ്പെട്ടുവെന്നാണ് സൂചന.

എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കിയെന്നാണ് ബിനോയ് ജേക്കബിനെതിരായ പരാതി. ഇതിൽ ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. വ്യാജപരാതിക്കെതിരെ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ വലിയതുറ പൊലീസാണ് ആദ്യം കേസെടുത്തത്. ഈ സമയം ബിനോയ് എയർഇന്ത്യാ സാറ്റ്സ് വൈസ്പ്രസിഡന്‍റും സ്വപ്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്നു. 

ബിനോയിക്കെതിരെ ആദ്യം തെളിവുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിന്നീട് തെളിവുകളില്ലെന്ന് പറഞ്ഞ് കളംമാറി. നടപടിക്ക് വിധേയനായ എയർഇന്ത്യാ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നാലെ എയർ ഇന്ത്യാ സാറ്റ്സ് വിട്ട ബിനോയ് ജേക്കബ്ബ് ഭദ്രാ ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിൽ ജനറൽ മാനേജറായി പ്രവേശിച്ചു. പൊലീസ് റിപ്പോർട്ട് നിലനിൽക്കെയായിരുന്നു നിയമനം. 

എന്നാൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്ന പ്രതിയായതിന് പിന്നാലെ വ്യാജ പരാതിക്കേസും ഇടവേളക്ക് ശേഷം ഉയർന്നുവന്നതോടെ ബിനോയി വെട്ടിലായി. ആരോപണങ്ങൾ വീണ്ടും ശക്തമാകവെ ഭദ്രാ ഇന്‍റർനാഷണൽ രാജി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ അച്ചടക്ക നടപടിയല്ലെന്നും സ്ഥാപനം നഷ്ടത്തിലായ സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ചെന്നാണ് ബിനോയ് ജേക്കബിന്‍റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios