കൊച്ചി: കൊച്ചിയിലെ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കി കോർപ്പറേഷൻ. പനമ്പള്ളി നഗറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കടകൾ നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത വഴിയോരക്കച്ചവടം വർദ്ധിച്ചതോടെയാണ് കോർപ്പറേഷൻ നടപടി തുടങ്ങിയത്.

ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാരോട് ഒഴിഞ്ഞ് പോകണമെന്ന് കോർപ്പറേഷൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒഴിഞ്ഞുപോകാൻ പലരും തയ്യാറാകാതിരുന്നതോടെയാണ് നഗരസഭ ഇവ പൊളിച്ച് നീക്കിയത്. നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് പനമ്പള്ളി നഗറിലെ കയ്യേറ്റങ്ങൾ പൊളിച്ച് നീക്കിയത്. വഴിയോരക്കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുനീക്കുന്നതിനെതിരെ ചില കട ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിട്ടുണ്ട്.