നോർത്തേൺ സിസിഎഫ് കെ.എസ്.ദീപ നടപടി സ്വീകരിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.ചന്ദ്രനെ സസ്പെന്റ് ചെയ്തു.

കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നോർത്തേൺ സിസിഎഫ് കെ.എസ്.ദീപ നടപടി സ്വീകരിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.ചന്ദ്രനെ സസ്പെന്റ് ചെയ്തു. വനംവാച്ചർ ആർ.ജോൺസനെതിരെയും നടപടിയെടുത്തിട്ടുണ്ട്. 20 മരംമുറിക്കാൻ അനുമതി വാങ്ങി. ഇതിന്റെ മറവിൽ 30 മരം അധികമായി മുറിച്ചെന്നാണ് കണ്ടെത്തൽ. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

വയനാട്ടിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലാണ് അനധികൃത മരംമുറിയുണ്ടായത്. സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരങ്ങള്‍ മുറിച്ചത്. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചത്.

ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയാണെങ്കിലും ഡി നോട്ടിഫിക്കേഷൻ നടന്നിരുന്നില്ല. അത് കൊണ്ടാണ് വനംവകുപ്പ് കേസ് എടുത്തത്. ആറ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാല് വയനാട് സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളുമാണ് പ്രതികള്‍. കടത്തിക്കൊണ്ടുപോയ 30 മരത്തടികളും ലോറിയും വനംവകുപ്പ് പിടിച്ചെടുത്തു.