തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ നടപടിയുമായി സര്‍ക്കാര്‍. 2019 ജൂലെ 1 മുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറാനാണ് തീരുമാനം . ഇതിനായി ഹാർഡ് ഡിസ്ക്കും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ടെണ്ടർ വിളിക്കാനും തീരുമാനിച്ചു. 400 ടെറാബൈറ്റ് ഹാർഡ് ഡിസ്ക്കിനും അനുബന്ധ ഉപകരണങ്ങൾക്കുമായാണ് ടെണ്ടര്‍ വിളിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പൊതുഭരണ വകുപ്പിന്‍റെ നിലപാട്. ദൃശ്യങ്ങൾ പകര്‍ത്തി നൽകാൻ 400 ടെറാബൈറ്റ് ഹാർഡ് ഡിസ്ക്ക് അടക്കമുള്ള സംവിധാനങ്ങൾ വേണം. അതിന്‍റെ കിട്ടാനില്ലെന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പൊതു ഭരണ വകുപ്പിന്‍റെ മറുവാദം