മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപി ഏജൻ്റിനെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് പിണറായി വിജയൻ ആരോപിച്ചു. വിഎസ് സർക്കാരിൻ്റെ കാലത്ത് ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നതായും കോഴിക്കോട് നടന്ന സിപിഎം യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തിരിച്ചുവരവിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി.
കോഴിക്കോട് : മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജൻ്റിനെ പോലെ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാർ ബോധപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി. സുപ്രീം കോടതി അംഗീകാരത്തോടെയാണ് എസ് ഐ ആർ കാര്യങ്ങൾ ചെയ്തതെന്ന തെരഞ്ഞെടുപ്പ് വാദം കള്ളമാണെന്ന് വ്യക്തമായി. ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ കേരളത്തിൽ നടത്തിയത് എൽഡിഎഫ് സർക്കാരെന്നും പിണറായി കൂട്ടിച്ചേർത്തു. വിഎസ് സർക്കാരിൻ്റെ കാലത്ത് വിജിലൻസ് അന്വേഷണവുമുണ്ടായി. എന്നാൽ അന്ന് എ.കെ ആൻ്റണിയുടെ കീഴിൽ പ്രതിരോധ വകുപ്പിലേക്ക് മാറിയാണ് ഗ്യാനേഷ് സംരക്ഷണം ഉറപ്പാക്കിയതെന്നും പിണറായി കൂട്ടിച്ചേർത്തു. കോഴിക്കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് സിപിഎം തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്ന് പിണറായി അഭിപ്രായപ്പെട്ടു. ജില്ലാകമ്മറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉൾപ്പെടെ 125 പേരാണ് വിപുലീകൃത കമ്മിറ്റിയിൽ പങ്കെടുക്കുന്നത്. കേന്ദ്രകമ്മറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, എളമരം കരീം, കെ കെ ശൈലജ തുടങ്ങിയവരും കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്. യോഗം നാളെ വൈകീട്ട് സമാപിക്കും.
ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച്. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കോഡിന് മുന്നില്‍ കയറി എസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിർദേശം.
