സമരത്തിന്റെ നൂറാം ദിവസമാണ് മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി അലൻസിയർ മുതലപ്പൊഴിയിൽ എത്തിയത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന് ഐക്യം ദാർഢ്യം പ്രഖ്യാപിച്ച് നടൻ അലൻസിയർ സമര സ്ഥലത്തെത്തി. വിഴിഞ്ഞം സമരത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് അലൻസിയർ സംസാരിച്ചത്. നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് നടൻ അഭിപ്രായപ്പെട്ടു. അതിനിടെ പ്രസംഗത്തിനിടയിലെ അലൻസിയറുടെ പരാമർശം സമരക്കാർ തിരുത്തുന്ന നാടകീയ സംഭവവും ഉണ്ടായി. പള്ളീം വേണ്ട, അച്ചനും വേണ്ട, കന്യാ സ്ത്രീയും വേണ്ട., തീരം മാത്രം മതിയെന്ന പരാമർശമാണ് തിരുത്തേണ്ടിവന്നത്. ഇത് എല്ലാം വേണമെന്ന് മുതലപ്പൊഴിയിൽ ഐകദാര്‍ഡ്യത്തിനെത്തിയ സ്ത്രീ തിരുത്തി പറയുകയായിരുന്നു.

സമരത്തിന്റെ നൂറാം ദിവസമാണ് മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി അലൻസിയർ മുതലപ്പൊഴിയിൽ എത്തിയത്. പാവപ്പെട്ടവന് വേണ്ടി അരമനയിൽ
നിന്നും മേടയിൽ നിന്നും അച്ചൻമാർ റോഡിലേക്ക് ഇറങ്ങിയല്ലോ എന്നും നടൻ പരിഹസിച്ചിരുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറെന്ന് വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് അഭിപ്രായപ്പെട്ടത്. സമര സമിതി തന്നെ രണ്ടായിരിക്കുകയാണെന്ന് വിമര്‍ശിച്ച ശിവൻകുട്ടി ചർച്ചയിൽ ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കൾ ചെയ്യുന്നതെന്നും പൊലീസുകാർ ഭൂമിയോളം താഴുന്നുവെന്നും പറഞ്ഞു. എങ്ങിനെയെങ്കിലും ഒരു കലാപം ഉണ്ടാക്കണമെന്ന നീക്കമാണ് സമരക്കാർ നടത്തുന്നതെന്നും ദയവ് ചെയ്ത് നടക്കാത്ത കാര്യത്തിന്‍റെ പേരിൽ കലാപഭൂമിയാക്കരുതെന്ന് സമരക്കാരോട് അപേക്ഷിക്കുയാണെന്നും ശിവൻകുട്ടി അഭ്യർത്ഥിച്ചു.

അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുതിരാത്തത്? വി ഡി സതീശന്‍

അതേസമയം വിഴിഞ്ഞത്ത് ഒത്തുതീർപ്പ് ചർച്ചയില്ലാതെ മുന്നോട്ട് പോയാൽ സമരത്തിന്‍റെ രൂപം മാറുമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇന്ന് പറഞ്ഞത്. അങ്ങനെ സമരത്തിന്‍റെ രീതി മാറിയാൽ അതിന്‍റെ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാനി പിണങ്ങുമെന്ന് കരുതിയാണോ സർക്കാർ ചർച്ചക്ക് മുതിരാത്തതെന്നും സതീശന്‍ പരിഹസിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു.