തൻ്റെ കംഫർട്ടിന് പ്രാധാന്യമില്ലെന്നും സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി . മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യമെന്നും രമേശ് പിഷാരടി പറഞ്ഞു. 

കൊച്ചി: പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. തൻ്റെ കംഫർട്ടിന് പ്രാധാന്യമില്ലെന്നും സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് തൻ്റെ ലക്ഷ്യം. രാഹുലിനെതിരെ ഉള്ള ആരോപണങ്ങൾ പരാതികൾ എല്ലാം കോടതിയുടെ പരിഗണനയിലാണ്. അതിലെ കോടതി തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും രാഹുൽ അതിനെ നേരിടുകയാണ് വേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.

ഇപ്പോഴത്തെ എംഎൽഎ എന്ന നിലയിൽ താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു. പൊലീസിൽ പോലും പരാതി എത്തും മുമ്പ് രാഹുലിനെ പാർട്ടി പുറത്താക്കിയതാണ്. വേറെ ഏതു പാർട്ടി അങ്ങനെ ചെയ്തിട്ടുണ്ട്. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നത് എന്നാണ് താൻ കരുതുന്നത്. മുഖ്യ എതിരാളി ബിജെപിയാണ്. ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാകും താൻ പ്രാധാന്യം നൽകുക. മമ്മൂട്ടിയെ വിളിച്ചു സംസാരിച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.