ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു.
സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി തിങ്കളാഴ്ച കേൾക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്. അന്വേഷമ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥ ആണ് പുതിയ ആരോപണങ്ങൾ എന്നും ദിലീപ് കോടതിയിൽ വാദിച്ചു.
Read Also: 'തെളിവുകള്‍ കൈമാറി', കൂടുതൽ പേർ ദിലീപിനെതിരെ രംഗത്തുവരുമെന്ന് ബാലചന്ദ്രകുമാര്‍
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹർജിയിൽ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയിൽ നൽകും.അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്.
ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിലെ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നിയമതടസമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാൽ അറസ്റ്റും രേഖപ്പെടുത്താം.
