Asianet News MalayalamAsianet News Malayalam

JoJu George| നടൻ ജോജു ജോർജ്ജിനെ കൈയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് ശ്രമം, വാഹനം തകർത്തു

നടൻ മദ്യപിച്ചെത്തി മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത്

Actor Joju George vehicle vandalised
Author
Kochi, First Published Nov 1, 2021, 12:07 PM IST

കൊച്ചി: കൊച്ചിയിൽ ഇന്ധന വില വർധനക്ക് എതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ്ജിനെതിരെ കൈയ്യേറ്റ ശ്രമം. യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരാണ് നടന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ല് തകർത്തു.

'രണ്ട് മണിക്കൂറായി പെട്ട് കിടക്കുന്നു', കൊച്ചിയിൽ വഴി തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു

നടൻ മദ്യപിച്ചെത്തി മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. നടന്റേത് സിനിമാ സ്റ്റൈലിൽ കള്ളുകുടിച്ച് വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ ഷിയാസും മുൻ കൊച്ചി മേയർ ടോണി ചമ്മണിയും കുറ്റപ്പെടുത്തി. പൊലീസിന്റെ  സംരക്ഷണയിൽ നടനെയും വാഹനത്തെയും മുന്നോട്ട് കൊണ്ടുപോയി. 

ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് പിന്നലെ കോൺ​ഗ്രസ്  സമരം അവസാനിപ്പിച്ചു.

ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios